ആലപ്പുഴ : സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്‌ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ ഹൈക്കോടതിയെ സമീപിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സെൻസർ സർട്ടിഫിക്കേറ്റ് നല്കണം അല്ലെങ്കിൽ കാരണം കാണിക്കണം എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നല്‍കിയത്.
“ജൂൺ 18ന് സെൻസർ കമ്മിറ്റി ചിത്രം കണ്ടു, 13+ UA കാറ്റഗറിയിൽ കാണിക്കാൻ എലിജിബിൾ ആണെന്ന് അറിയിച്ചു അതിനാൽ ജൂൺ 27 ന് റിലീസ് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെടുകയായിരുന്നു
റിവ്യൂ കമ്മിറ്റി വ്യാഴാഴ്ച ചിത്രം ഒരിക്കൽ കൂടി കാണും,അതിന് ശേഷം അന്തിമ തീരുമാനം എന്ന് അറിയിച്ചിട്ടുണ്ട്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
“സിനിമ റിലീസ് ചെയ്യാനും പ്രൊമോഷനുമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചു. പേര് മാറ്റണം എന്നത് ഭാരിച്ച സാമ്പത്തിക ബാധ്യത.
റീജണൽ സെൻസർ കമ്മിറ്റി അൽപ്പസമയം മുമ്പാണ് റിവ്യൂ കമ്മറ്റി വീണ്ടും ചിത്രം കാണും എന്നറിയിച്ചത്.ജാനകി എന്ന പേര് എന്ത് കൊണ്ടാണ് മാറ്റണമെന്ന് പറയുന്നത് എന്നറിയില്ല.എന്താണെന്ന് കൃത്യമായ കാരണം പറയണം.ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിന്തുണ നൽകാമെന്ന് അറിയിച്ചിട്ടുണ്ട്”. അവർ തുടർന്ന് പറഞ്ഞു
“റിവ്യൂ കമ്മിറ്റി ചിത്രം കണ്ടതിന് ശേഷം ഈ പേര് തന്നെ തുടരാൻ അനുവദിക്കണമെന്നാണ് അഭ്യർത്ഥന. സിനിമയിലെ ലീഡ് തന്നെ ജാനകിയാണ്, ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അനുകൂല നിലപാടാണ്. നിലവിൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല.നിയമനടപടികളുമായി മുന്നോട്ട് പോകും. സെൻസർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഷോ കോസ് നോട്ടീസ് എന്നാണ് ഹർജിയിലെ ആവശ്യം”ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പത്ര സമ്മേളനത്തിൽ അറിയിച്ചു.
സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്. ജെ. എസ്. കെയ്‌ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു . സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
വളരെ ഗുരുതരമായ പ്രശ്നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. കേന്ദ്ര സെൻസർ ബോർഡ് ജെഎസ്കെയ്‌ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു.
സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കേന്ദ്ര സെൻസർ ബോർഡ് അപ്രായോഗിക നിർദേശങ്ങൾ മുന്നോട്ട് വെച്ചത്.















