മുംബൈ: ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും പിന്നാലെ വെടിനിര്‍ത്തല്‍ ലംഘനവും ഉണ്ടായ ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ ചാഞ്ചാട്ടം. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലൂടെ 1121 പോയന്റ് വരെ കുതിച്ചുയര്‍ന്ന സെന്‍സെക്‌സ് ഉച്ചയോടെ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതോടെ അവിടെ നിന്ന് 963 പോയന്റ് താഴേക്കിറങ്ങി. ദിനാവസാനം 158 പോയിന്റ് ഉയര്‍ന്ന് 82,055 ലും നിഫ്റ്റി 72 പോയിന്റ് ഉയര്‍ന്ന് 25,044 ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ദിവസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 273 പോയിന്റ് താഴേക്ക് വീണു.
നേട്ടവും നഷ്ടവും
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 447.82 ലക്ഷം കോടി രൂപയില്‍ നിന്ന് 450.08 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. നേട്ടത്തില്‍ മുന്നില്‍ നിന്ന അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റാന്‍, എല്‍ ആന്‍ഡ് ടി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നിവ 2.5% വരെ ഉയര്‍ന്നു. മറുവശത്ത്, പവര്‍ഗ്രിഡ്, എന്‍ടിപിസി, ട്രെന്റ്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ബിഇഎല്‍, മാരുതി, എച്ച്‌യുഎല്‍, ടിസിഎസ് എന്നിവ സെന്‍സെക്‌സില്‍ 1.5% വരെ നഷ്ടം നേരിട്ടു.
ഇന്ന് 108 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മറുവശത്ത്, ബിഎസ്ഇയില്‍ 44 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കും പതിച്ചു. ബിഎസ്ഇയില്‍ വ്യാപാരം നടന്ന 4144 ഓഹരികളില്‍ 2662 ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 1339 ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
വിദഗ്ധര്‍ ചെറിയതോതില്‍ പോസിറ്റീവ്
ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ച് വിപണി വിദഗ്ധര്‍ ചെറിയ തോതില്‍ പോസിറ്റീവ് അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ‘ഡേ ചാര്‍ട്ടില്‍ നീണ്ട വിക്കുള്ള ഒരു നെഗറ്റീവ് കാന്‍ഡില്‍ രൂപപ്പെട്ടു. വീണ്ടും ഉയര്‍ന്ന നിലയിലെത്തുന്നതിന് മുമ്പ് ഹ്രസ്വകാലത്തേക്ക് കൂടുതല്‍ ഏകീകരണത്തിനുള്ള സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. റേഞ്ചിനുള്ളിലാണ് ചലനമെങ്കിലും നിഫ്റ്റിയുടെ ഹ്രസ്വകാല പ്രവണത പോസിറ്റീവായി തുടരുന്നു. 25200-25300 ലെവലിനു മുകളിലുള്ള കൂടുതല്‍ സുസ്ഥിരമായ നീക്കം 25600 ലേക്ക് വഴി തുറക്കും. 24900 ലെവലിലാണ് സപ്പോര്‍ട്ടുള്ളത്,’ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറഞ്ഞു.
‘വിപണിയുടെ മധ്യകാല വീക്ഷണം പോസിറ്റീവായി തുടരുന്നു. നിഫ്റ്റിയില്‍ 25,000 ഉം സെന്‍സെക്‌സില്‍ 82000 ഉം ഡേ ട്രേഡര്‍മാര്‍ക്കുള്ള ഒരു പ്രധാന പിന്തുണാ മേഖലയായി പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ ലെവലിനു മുകളില്‍, 25,200-25,300 ലേക്ക് നിഫ്റ്റിയും 82500-83000 വരെ സെന്‍സെക്‌സും മുന്നേറുമെന്ന് പ്രതീക്ഷിക്കാം. മറുവശത്ത്, നിഫ്റ്റി 25,000 നും സെന്‍സെക്‌സ് 82000 നും താഴെയാണെങ്കില്‍ അത് 24,850-24,800 / 81600-81500 വരെയുള്ള തിരുത്തലിലേക്കും എത്താന്‍ സാധ്യതയുണ്ട്. നിലവിലെ മാര്‍ക്കറ്റ് ഘടന അസ്ഥിരവും ദിശാബോധമില്ലാത്തതുമാണ്; അതിനാല്‍, ഡേ ട്രേഡേഴ്‌സിന് ലെവല്‍ അധിഷ്ഠിത വ്യാപാരം അനുയോജ്യമായ തന്ത്രമായിരിക്കും.’ കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു
25,200 ലെ റെസിസ്റ്റന്‍സ് ലെവല്‍ മറികടക്കാന്‍ നിഫ്റ്റിക്ക് കഴിയാത്തത് കരടികള്‍ ഇപ്പോഴും സജീവമാണെന്ന് സൂചിപ്പിക്കുന്നെന്ന് റെലിഗെയര്‍ ബ്രോക്കിംഗിലെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. എന്നിരുന്നാലും, പ്രധാന മേഖലകളിലുടനീളമുള്ള റൊട്ടേഷന്‍ വാങ്ങല്‍, മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് വിഭാഗങ്ങളിലെ ശ്രദ്ധേയമായ കരുത്ത് എന്നിവ വ്യാപാര അവസരങ്ങള്‍ നല്‍കുന്നത് തുടരുന്നു.















