അഹമ്മദാബാദ് : പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച യുവതി അറസ്റ്റിൽ. ചെന്നൈ സ്വദേശിനിയായ റെനെ ജോഷിൽഡ എന്ന യുവതിയാണ് ഗുജറാത്ത് പോലീസിന്റെ പിടിയിലായത്. റോബോട്ടിക്സ് എൻജിനീയറാണ് 26 കാരിയായ റെനെ ജോഷിൽഡ. 12 സംസ്ഥാനങ്ങളിലായി 21 ൽ പരം വ്യാജ ബോംബ് ഭീഷണികൾ ഇ മെയിൽ വഴിയാണ് റെനെ ജോഷിൽഡ അയച്ചത്.
സ്കൂളുകൾ, മെഡിക്കൽ കോളേജ്, നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദിലെ വിമാനപകടം അടക്കം ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിന്റെ പേരിലാക്കാനായിരുന്നു യുവതിയുടെ ശ്രമം. ”ഞങ്ങൾ ഇന്നലെ എയർ ഇന്ത്യ വിമാനം തകർത്തു. അത് ഒരു തട്ടിപ്പാണെന്ന് നിങ്ങൾ കരുതി. ഇപ്പോൾ ഞങ്ങളെ കുറിച്ച് മനസിലായോ നിങ്ങൾക്കറിയാം.” എന്നായിരുന്നു ഒരു സന്ദേശം .
ഭീഷണി മെയിലുകളിൽ ഉപയോഗിച്ചിരിക്കുന്ന ഇമെയിൽ ഐഡികളിൽ ഒരേ പേരിന്റെ വ്യത്യസ്ത ആവർത്തനങ്ങളുണ്ടെന്ന് അന്വേഷണത്തിനിടെ പോലീസ് കണ്ടെത്തി. തുടർന്നാണ് അന്വേഷണം റെനെ ജോഷിൽഡയിലേക്കെത്തിയത്.
റെനേ ജോഷിൽഡ ദിവിജിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു . എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ദിവിജ് മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ പക പോക്കാനായി യുവാവിന്റെ പേരിൽ വ്യാജ ഐഡികൾ ഉണ്ടാക്കി ഭീഷണി സന്ദേശം അയക്കുകയായിരുന്നു.ജർമനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകൾ.ഒന്നിലധികം ഇമെയിൽ അക്കൗണ്ടുകൾ സൃഷ്ടിച്ച് രാജ്യത്തുടനീളം ബോംബ് ഭീഷണികൾ അയക്കാനായി ഇവർ ഡാർക്ക് വെബും ഉപയോഗിച്ചു.















