തിരുവനന്തപുരം: അടിയന്തരാവസ്ഥക്കെതിരെ പടപൊരുതിയ യഥാർത്ഥ ദേശസ്നേഹികളുടെ സമര ചരിത്രം പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. “അടിയന്തരാവസ്ഥ: ജനാധിപത്യക്കശാപ്പിന് അമ്പതാണ്ട് തികയുമ്പോൾ” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം 1975 – 77 കാലഘട്ടത്തിൽ കേരളത്തിൽ അടിയന്തരാവസ്ഥക്കെതിരെ നടന്ന ഐതിഹാസിക ജനകീയ പോരാട്ടങ്ങളുടെ സമഗ്ര ചരിത്രമാണ്.
പോരാട്ടത്തിൽ നേതൃത്വം നൽകിയവരുടെയും പങ്കെടുത്തവരുടെയും അനുഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗ്രന്ഥം എമർജൻസി വിക്‌ടിംസ് അസോസിയേഷൻ മുൻകൈയെടുത്താണ് പ്രസിദ്ധീകരിക്കുന്നത്. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ.
ഓരോ ജില്ലകളിലെയും സമര ചരിത്രവും പങ്കെടുത്തവരുടെ പേരുവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബൃഹത്തായ ഗ്രന്ഥം ജൂൺ 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എമർജെൻസി വിക്ടിംസ് അസോസിയേഷൻ സെക്രട്ടറി ആർ മോഹനന് നൽകി പ്രകാശനം ചെയ്യും. കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ജൂൺ 25 വൈകുന്നേരം 5 .30 നാണു ചടങ്ങുകൾ ആരംഭിക്കുക. ധീര സമര സേനാനികളെ ആദരിച്ചു കൊണ്ടുള്ള അനുസ്മരണ സമ്മേളനവും നടക്കും. കുരുക്ഷേത്ര ബുക്സ് മാനേജിങ് ഡയറക്റ്റർ കാ ഭാ സുരേന്ദ്രൻ പുസ്തക പരിചയം നടത്തും.
550 രൂപ മുഖവിലയുള്ള പുസ്തകം നിലവിൽ പ്രീ പുബ്ലിക്കേഷൻ വിലയായ 400 രൂപയ്‌ക്കു ലഭിക്കും. വിശദവിവരങ്ങൾക്ക് ഇതോടൊപ്പമുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.















