ന്യൂഡൽഹി: ഗഗൻയാൻ ദൗത്യം ആക്സ് -4 നായി ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഇന്ന് യാത്ര തിരിക്കും. കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഉച്ചയ്‌ക്ക് 12 മണിക്ക് ബഹിരാകാശയാത്രികരുമായി ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയരും. യുഎസ്, പോളണ്ട് ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികർക്കൊപ്പമാണ് ശുഭാംശു ശുക്ല യാത്ര തുടങ്ങുന്നത്.
നിരവധി തവണ മാറ്റിവച്ച ദൗത്യമാണ് ഇന്ന് യാഥാർത്ഥ്യമാകാൻ പോകുന്നത്. ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആരംഭിക്കുന്നതോടൊപ്പം ചരിത്രത്തിൽ ഇടംനേടാനുള്ള യാത്രയും തുടങ്ങുകയാണ്. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്പെയിസിന്റെ ഭാഗമാണ് ഈ ദൗത്യം.
14 ദിവസമായിരിക്കും ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുക. യുഎസിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പോകുന്ന മറ്റ് യാത്രക്കാർ.
ദൗത്യത്തിന് സജ്ജമാണെന്ന് സ്പേസ്എക്സ് അറിയിച്ചു. 41 വർഷത്തിന് ശേഷം ഭാരതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്ഷേപണമാണിത്. രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാകാൻ ലക്ഷ്യമിട്ടുള്ളതാണ് ശുഭാംശുവിന്റെ യാത്ര.















