മുംബൈ: പ്രണയബന്ധം തകർന്നതോടെ കടുത്ത മാനസിക സമ്മർദം നേരിടുന്ന യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി കോടതി. ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടതിനെ തുടർന്നാണ് ഗർഭിണിയായതെന്നും ഇത് കടുത്ത മാനസിക ആഘാതത്തിലേക്ക് നയിച്ചുവെന്നും യുവതി അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ വിധി. 31 കാരിയായ യുവതിക്കാണ് ബോംബെ ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.
യുവതി 25 ആഴ്ച ഗർഭിണിയാണ്. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, ഡി നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രണയബന്ധം വേർപിരിഞ്ഞതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹർജിയിൽ പറയുന്നു. മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ താൻ ഗർഭിണിയാണെന്ന് അറിയില്ല. അറിഞ്ഞാൽ അവർ അത് അംഗീകരിക്കില്ലെന്നും ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതിനാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമാണെന്നും യുവതി പറഞ്ഞു.
യുവതിക്ക് മുൻപും ഗുരുതര മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഗർഭധാരണം അവരെ കൂടുതൽ മാനസിക സമ്മർദത്തിലേക്ക് നയിച്ചുവെന്നും കോടതി നിരീക്ഷിച്ചു. നിലവിലെ സാഹചര്യത്തിന് ഉത്തരവാദിയായിരുന്നിട്ടും മുൻ പങ്കാളി ഒരുതരത്തിലുള്ള പിന്തുണയും സഹായവും നൽകാൻ തയാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോടതി യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നൽകിയത്. യുവതിയുടെ മുൻ പങ്കാളി ആശുപത്രി ചെലവുകൾക്കായി ഒരു ലക്ഷം രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു.















