ന്യൂഡൽഹി: ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ ഇരുണ്ട കാലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നമ്മുടെ രാജ്യം ഒരിക്കലും സ്വേച്ഛാധിപത്യത്തിന് മുന്നിൽ തലകുനിക്കില്ലെന്നും തന്റെ അധികാരത്തിന് ഭീഷണിയുണ്ടെന്ന് കണ്ട് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അമിത് ഷാ പറഞ്ഞു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അടിയന്തരാവസ്ഥയുടെ 50 വർഷം തികയുന്ന നിമിഷത്തിലാണ് നമ്മൾ ഇന്ന് നിൽക്കുന്നത്. ജനാധിപത്യത്തെ പിടിച്ചുകുലുക്കിയ സംഭവത്തിന്റെ അമ്പത് വർഷം പൂർത്തിയായിരിക്കുന്നു. ജനാധിപത്യത്തിന്റെ ജനനത്തിന് ലോകം സാക്ഷ്യംവഹിച്ചു”.
“അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് രാജ്യത്തെ ആദ്യ കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. ജനാധിപത്യത്തെ സ്വേച്ഛാധിപത്യമാക്കി മാറ്റാനുള്ള ഗൂഢാലോചനയായിരുന്നു അടിയന്തരാവസ്ഥ. ആ കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. ഭരണഘടനയുടെ ആമുഖം മുതൽ അടിസ്ഥാന ഘടന വരെ എല്ലാം മാറ്റിമറിഞ്ഞു. ജനാധിപത്യ അവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതൊന്നും രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് ജൂൺ 25 സംവിധാൻ ഹത്യ ദിവസായി ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്”.
ഒരു കാലത്ത് ഭരണഘടന നിശബ്ദമായത് എങ്ങനെയെന്ന് രാജ്യത്തെ പൗരന്മാർ എന്നും ഓർമിക്കണം. രാജ്യത്തെ സംരക്ഷിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ സ്വന്തം അധികാരത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു അതെന്നും അമിത് ഷാ പറഞ്ഞു.