തിരുവനന്തപുരം: ബിജെപി നേതാവായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. കടയിലെ മുൻ ജീവനക്കാരായ പ്രതികൾ തട്ടിപ്പ് നടത്തിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അതേസമയം, ദിയയ്‌ക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ജീവനക്കാർ. ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയെന്നും കൃഷ്ണകുമാറും ദിയയും ചേർന്ന് തട്ടിക്കൊണ്ടുപോയിയെന്നുമാണ് പ്രതികളുടെ ആരോപണം. എന്നാൽ ഇത് വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ ദിയയും കുടുംബാംഗങ്ങളും പുറത്തുവിട്ടിരുന്നു.
ജൂൺ 11-നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ദിയയുടെ ഒബൈഓസി എന്ന കടയിൽ നിന്നും 60 ലക്ഷം രൂപയാണ് ജീവനക്കാർ തട്ടിയത്. കടയുടെ ക്യൂആർ കോഡിന് പകരം പ്രതികളുടെ ക്യൂആർ കോഡ് വയ്‌ക്കുകയായിരുന്നു. ഇതിന്റെ തെളിവുകളടക്കമാണ് ദിയ പൊലീസിൽ പരാതി നൽകിയത്.