ന്യൂഡൽഹി: 2019-ൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്. തൊഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഭീകരരുമായായിരുന്നു ഏറ്റുമുട്ടൽ.
രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ നടന്നത്. 11 ഭീകരരെ വധിച്ചതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും വിവരമുണ്ട്.
പുൽവാമ ആക്രമണത്തിന് 12 ദിവസങ്ങൾക്ക് ശേഷം ഫെബ്രുവരി 26-ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തിൽ തകർന്നിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാക്പടയും പ്രത്യാക്രമണം നടത്തി. ഇതിനിടെയാണ് വിംഗ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാനെ ആക്രമിച്ചത്. വിംഗ് കമാൻഡറെയും വിമാനത്തെയും പാക് യുദ്ധവിമാനങ്ങൾ വെടിവച്ചുവീഴ്‌ത്തുകയായിരുന്നു.















