കാസർകോട്: മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. ഓർക്കാടി സ്വദേശി ഹിൽഡ ഡിസൂസ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി മെൽവിൻ ഡിസൂസ (28) ഒളിവിലാണ്.
ഇന്ന് പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഉറങ്ങിക്കിടന്നപ്പോൾ തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. അയൽക്കാരിയായ ലോലിത എന്ന സ്ത്രിയുടെ ദേഹത്തും തീകൊളുത്തിയിട്ടുണ്ട്. അമ്മയ്‌ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ലോലിതയെ മെൽവിൻ വിളിച്ച് വരുത്തിയത്. ലോലിതയുടെ പൊള്ളൽ സാരമല്ലെന്നാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മെൽവിൻ. ഹിൽഡയുടെ മറ്റൊരു മകൻ കുവൈറ്റിൽ ജോലി ചെയ്യുകയാണ്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.















