ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ക്യാമ്പെയിനിന്റെ ഭാഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മുന്നറിയിപ്പ് കോളർ ട്യൂൺ ഇന്ന് മുതൽ നിർത്തലാക്കി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ നടൻ അമിതാഭ് ബച്ചൻ പറയുന്ന മുന്നറിയിപ്പുകളാണ് നീക്കം ചെയ്തത്. ക്യാമ്പെയിൻ അവസാനിച്ചെന്നും അതിനാൽ ഇനി ഫോൺവിളിക്കുമ്പോൾ മുന്നറിയിപ്പ് കോളർ ട്യൂൺ പ്ലേ ചെയ്യില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ ഈ കോളർ ട്യൂൺ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാൽ വിളിക്കുന്ന വ്യക്തിയെയോ സ്ഥാപനത്തെയും ഉടനടി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നുമുള്ള പരാതിയെ തുടർന്നാണ് നടപടി. അമിതാഭ് ബച്ചന്റെ കോളർട്യൂണിനെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.
ട്രോളുകൾക്ക് മറുപടിയായി അമിതാഭ്ബച്ചൻ തന്നെ രംഗത്തെത്തുകയും കേന്ദ്ര സർക്കാർ തനിക്ക് നൽകിയ ഉത്തരവാദിത്തമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെ കുറിച്ച് കേന്ദ്രസർക്കാരോട് ചോദിക്കാൻ വിമർശിക്കുന്നവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഫോണിൽ മുന്നറിയിപ്പ് കോളർട്യൂൺ പ്ലേ ചെയ്തിരുന്നു. ബാങ്ക്, ആദായനികുതി വകുപ്പ് അല്ലെങ്കിൽ മറ്റ് സർക്കാർ വകുപ്പുകൾ എന്ന് അവകാശപ്പെട്ട് ഫോൺ കോളുകൾ വരികയാണെങ്കിൽ പ്രതികരിക്കരുത് എന്നായിരുന്നു മുന്നറിയിപ്പ്. രാജ്യത്ത് സൈബർ തട്ടിപ്പ് വർദ്ധിച്ചുവന്ന സാഹചര്യത്തിലായിരുന്നു നിർദേശങ്ങൾ നൽകിയത്.















