മേജർ മോയിസ് അബ്ബാസ് ഷായുടെ മയ്യത്ത് നമസ്കാരത്തിൽ പാക് സൈനിക മേധാവി അസിം മുനീർ പങ്കെടുത്തതായി റിപ്പോർട്ടുകൾ. മയ്യത്ത് നമസ്ക്കരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാവൽപിണ്ടിയിലെ ചക്ലാല ഗാരിസണിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. എന്നാൽ ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
2019 ൽ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാനെ താനാണ് പിടികൂടിയതെന്ന് മേജർ മോയിസ് അബ്ബാസ് ഷാ അവകാശപ്പെട്ടിരുന്നു. ചൊവ്വാഴ്ച തെക്കൻ വസ്രിസിറ്റാൻ മേഖലയിൽ ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ടിടിപി ആക്രമണത്തിൽ 14 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം.
മോയിസ് അബ്ബാസ് കൊല്ലപ്പെട്ടതിന് പിന്നാലെ അഭിനന്ദൻ വർദ്ധമാനെ പിടികൂടിയതായി അവകാശപ്പെടുന്ന ജിയോ ടിവിയിലെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു.















