തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മുൻ ജീവനക്കാരായ വിനീത, ദിവ്യ, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ജീവക്കാരെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്‌ക്കും കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. പ്രതികളായ ജീവനക്കാർ നിലവിൽ ഒളിവിലാണ്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ പ്രതികരിച്ചു. അവരുടെ ഒരു ആരോപണത്തിന് പോലും തെളിവില്ലായിരുന്നു. നൂറു ശതമാനവും ഞങ്ങളുടെ ഭാഗത്തായിരുന്നു സത്യം. ഞങ്ങൾ കുറ്റക്കാരല്ലെന്നും, അവർ കുറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഈ കോടതി വിധി തുടക്കം മാത്രമാണ്. പ്രതികള്‍ക്ക് ആരൊക്കെയോ മോശം ബുദ്ധി ഉപദേശിക്കുന്നുണ്ട്. അവരെ വെറുതെ വിട്ടാൽ ഞാൻ തെറ്റുകാരൻ ആകും. നിയമത്തിന്റെ ഏതറ്റം വരെയും പോയി പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്നും,കൃഷ്ണ കുമാർ പറഞ്ഞു.















