ന്യൂഡൽഹി: ചരിത്രം പിറന്നു ! വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ച് കൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന, ആക്സിയം-4 ദൗത്യത്തിന്റെ ഡോക്കിംഗ് വിജയം.
ഇന്ത്യൻ സമയം 16.03 നാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഗ്രേസ് ക്രൂ ഡ്രാഗൺ പേടകം ഡോക്ക് ചെയ്തത്. ഇതോടെ ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല മാറി. ഒപ്പം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡും സുവർണ്ണ ലിപികളിൽ അദ്ദേഹം എഴുതി ചേർത്തു.
ബഹിരാകാശ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിംഗ്. ഡോക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് ബഹിരാകാശ പേടവും ബഹിരാകാശ നിലയവും പരിക്രമണ തലത്തിലായിരിക്കണം. ദൗത്യത്തിലെ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമായ പ്രക്രിയയാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഘം ഉടൻ നിലയത്തിലേക്ക് പ്രവേശിക്കും.
Congratulations #Axiom4!
Docking accomplished.
Shubhanshu stands at the threshold entrance of International Space Station #ISS … waiting to step in for a 14 day sojourn…. as the world watches with excitement and expectation. pic.twitter.com/p91jpqUcBg
— Dr Jitendra Singh (@DrJitendraSingh) June 26, 2025
ബുധനാഴ്ച ഉച്ചയ്‌ക്ക് 12.01 നാണ് ആക്സിയം -4 ന്റെ യാത്ര ആരംഭിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് വഴിയായിരുന്നു വിക്ഷേപണം. ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. സംഘം 14 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടും.















