സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ വിസ്ഡം മുജാഹിദ് നേതാവ്. അദ്ധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി കെ അഷ്‌റഫാണ് പരസ്യമായി രംഗത്ത് വന്നത്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്നത് അംഗീകരിക്കാൻ കഴിയില്ല, അദ്ധ്യാപകൻ എന്ന നിലയിൽ താനും തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അഷ്‌റഫ് പറയുന്നു.
” ലഹരിക്കെതിരെ നിർബന്ധമായി സ്കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലക്ക് ഞാൻ വിട്ട് നിൽക്കുന്നു. എന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. ഈ വിഷയത്തിൽ ഡിപ്പാർട്ട്മെൻ്റ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്.
ഞാൻ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്.”
അഷ്റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ‘ പർദ്ദ ഇട്ട് മുഖവും മൂടികെട്ടി ഡാൻസ് കളിക്കട്ടെ’ , ‘ ഇവനെയൊക്കെ ജോലിയിൽ നിന്ന് പിരിച്ചു വിടണം വല്ല മദ്രസ യിലും ക്ലാസ്സ് എടുക്കട്ടേ മനുഷ്യൻ ചന്ദ്രനിൽ പോയി ഇവനൊക്കെ എന്നു നേരം വെളുക്കുമോ എന്തോ’, ‘ dance കളിക്കുന്ന കാര്യം പറയുമ്പോ, അൽപവസ്ത്രവും ആൺപിള്ളേരുടെയും പെൺപിള്ളേരുടെയും ദേഹം മുട്ടുന്നതും ഒക്കെ സങ്കൽപ്പിച്ച് നടക്കുന്ന ഇയാൾ അദ്ധ്യപന ജോലിയിൽ നിന്ന് തന്നെ പൂർണ്ണമായും വിട്ട് നിൽക്കുന്നതാണ് സമൂഹത്തിനും നല്ലത്’, എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്.















