ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ ലോകപ്രശസ്തമായ രഥയാത്ര നാളെ നടക്കും. 2025 ലെ ജഗന്നാഥ രഥയാത്രയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ക്ഷേത്രനഗരമായ പുരി ഒരുങ്ങിക്കഴിഞ്ഞു .
ജഗന്നാഥനായ കൃഷണൻ, ബലഭദ്രൻ,സുഭദ്ര എന്നീ ദേവതകളുടെ മൂന്ന് രഥങ്ങളാണ് ഉത്സവത്തിന്റെ കേന്ദ്രബിന്ദു. എല്ലാ വർഷവും ആഷാഢ മാസ ശുക്ലപക്ഷത്തിന്റെ ദ്വിതീയദിവസമാണ് ഈ ഉത്സവം നടക്കുന്നത്. വാർഷിക രഥോത്സവത്തിന് മുന്നോടിയായി മൂന്ന് രഥങ്ങളും എല്ലാ വർഷവും പുതുക്കി നിർമ്മിക്കപ്പെടുന്നു. നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ ഉത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരാണ് പങ്കെടുക്കുന്നത്.
ഉത്സവ വേളയിൽ ഭഗവാൻ ജഗന്നാഥൻ, സഹോദരൻ ബലഭദ്രൻ, സഹോദരി സുഭദ്ര എന്നീ മൂന്ന് ദേവതകളുടെയും രഥങ്ങളെ ഭക്തർ ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വലിയ്‌ക്കുന്നു. അവിടെ ഈ ദേവന്മാർ ഒരു ആഴ്ച വസിക്കുന്നു. തുടർന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു.ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് അമ്മായിയുടെ വീടാണെന്ന് വിശ്വസിക്കപ്പെടുന്ന ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ജഗന്നാഥ ഭഗവാനും രണ്ട് സഹോദരന്മാരും നടത്തിയ യാത്രയുടെ സ്മരണയ്‌ക്കായിട്ടാണ് ഈ യാത്ര നടത്തുന്നത്.
സ്‌നാന പൂർണിമ നാൾ മുതലാണ് ആഘോഷം ആരംഭിക്കുന്നത്. ജൂൺ 11-ന്, പുരിയിൽ സ്നാനപൂർണിമ ദിനത്തിൽ ജഗന്നാഥ ഭഗവാനും സഹോദരങ്ങളായ ബലഭദ്രനും ദേവി സുഭദ്രയും ചേർന്ന് പുണ്യസ്നാന ചടങ്ങ് നടത്തി. മൂന്ന് ദേവതകളെയും 108 കുടം ജലം കൊണ്ട് അഭിഷേകം ചെയ്തു. രഥയാത്രയ്‌ക്ക് മുന്നോടിയായി ഈ ആചാരം ഒരു പ്രധാന ചടങ്ങാണ്. രഥയാത്രയ്‌ക്കായി പുരി ജഗന്നാഥ ക്ഷേത്രം പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ദശലക്ഷത്തിനടുത്ത് ഭക്തർ രഥങ്ങൾ വലിക്കുമെന്നാണ് കണക്ക്.















