തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നിയമസഭയിൽ ആഡംബര ഡൈനിംഗ് ഹാൾ ഒരുങ്ങുന്നു. 7.5 കോടി രൂപ ചെലവിലാണ് നിയമസഭാ മന്ദിരത്തിന്റെ സെല്ലാറിലെ ഡൈനിംഗ് ഹാൾ നവീകരിക്കുന്നത്. ഹാളൊരുങ്ങുന്നത് ഇറ്റാലിയൻ മാർബിൾ ഫ്ലോറിംഗും, വിലകൂടിയ കർട്ടനുകളും അത്യാധുനിക ശബ്ദ സംവിധാനവും ഉൾപ്പെടെയാണ്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ജനവിധി വലിയ തിരിച്ചടിയായിട്ടും സർക്കാരിന്റെ ധൂർത്ത് മനോഭാവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നീക്കം. 7 കോടി 40 ലക്ഷം രൂപ ചെലവിട്ട് ഡൈനിംഗ് ഹാൾ നവീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. ഒപ്പം ഫണ്ടും അനുവദിച്ചു.
അത്യാഢംബര ഹോട്ടലുകൾക്ക് സമാനമായാണ് നിയമസഭാ മന്ദിരത്തിന്റെ സെല്ലാറിലുള്ള ഭക്ഷണ ശാല നവീകരിക്കുന്നത്. ഇറ്റാലിയൻ മാർബിൾ കൊണ്ടുള്ള ഫ്ലോറിംഗിന് 2.8 കോടി രൂപ ചെലവ് വരും. പാനലിംഗിനും ഗ്ലാസ് പാർട്ടീഷനുകൾക്കുമായി 1.17 കോടി രൂപയും ചെലവഴിക്കും. 21 ലക്ഷം രൂപയുടെ കർട്ടനുകളാണ് ജനാലകളിൽ വിരിക്കുക. മെക്കാനിക്കൽ ജോലികൾക്ക് 1.51 കോടി, ഇലക്ട്രിക്കൽ ജോലികൾക്ക് 1.10 കോടി എന്നിങ്ങനെ പോകുന്നു പുതിയ ഡൈനിംഗ് ഹാളിനായുള്ള ചെലവുകൾ.
10 ലക്ഷം രൂപയുടെ ആധുനിക ശബ്ദ സംവിധാനവും നവീകരിച്ച ഹാളിലുണ്ടാകും. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് നവീകരണം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവീകരിച്ച ഭക്ഷണശാലയാണ് വീണ്ടും നവീകരിക്കാനൊരുങ്ങുന്നതെന്നാണ് ആരോപണം.















