മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയതിന് സമാനമായി പഞ്ചാബിലും ഡ്രമ്മിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലുധിയാനയിലാണ് നീല ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം അഴുകി, കൈകാലുകളും കഴുത്തും ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിലാക്കിയാണ് മൃതദേഹം ഡ്രമ്മിലിട്ടിരുന്നത്. മൃതദേഹം അന്യസംസ്ഥാനക്കാരന്റേതാണെന്ന സംശയത്തിലാണ് പൊലീസ്.
പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മുറിവേറ്റ പാടുകളൊന്നും കണ്ടെത്താനായില്ല. മരണകാരണവും മറ്റും അറിയണമെങ്കിൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ സാധിക്കൂയെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
ലുധിയാനയിലെ 42 ഡ്രം നിർമാണ യൂണിറ്റുകളുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചു. ഇവരിൽ ചിലരെ ചോദ്യം ചെയ്തു. ഒരു പുതിയ ഡ്രമ്മിലാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ ആസൂത്രണം ചെയ്ത കാെലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. നഗരത്തിലെ ക്യാമറകളും റെയിൽവേ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും സിസിടിവിയും പരിശോധിക്കും.