ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഐഎഡിഎംകെ നയിക്കുന്ന സർക്കാരിൽ ബിജെപിയും പങ്കാളി ആകുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങളുടെ ദേശീയ ജനാധിപത്യ സഖ്യം തീർച്ചയായും സർക്കാർ രൂപീകരിക്കും, അതിൽ ബിജെപിക്ക് ഒരു പങ്കുണ്ട്. എഐഎഡിഎംകെയുടെ നേതൃത്വത്തിലാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്നായിരിക്കും.” ഒരു പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
“നമുക്ക് 20-ലധികം സംസ്ഥാനങ്ങളിൽ സർക്കാരുകളുണ്ട്. ഈ സംസ്ഥാനങ്ങളിൽ എൻഡിഎ ഒറ്റക്കെട്ടായി നല്ല രീതിയിൽ പ്രവർത്തിച്ച് വിജയം കൈവരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും നമ്മൾ അതേ രീതിയിൽ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകും” അമിത് ഷാ പറഞ്ഞു. ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്ന ഒരു സഖ്യ സർക്കാരിന് തെരഞ്ഞെടുപ്പ് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ നിലപാട് വ്യക്തമാണ്. സമ്പന്നമായ ഒരു തമിഴ്‌നാടിനെക്കുറിച്ചുള്ള സ്വപ്നത്തെ ഞങ്ങൾ ഒരിക്കലും എതിർത്തിട്ടില്ല. തമിഴ് ഭാഷയെയും സംസ്കാരത്തെയും ഞങ്ങൾ ഒരിക്കലും എതിർത്തിട്ടില്ല. ഡിഎംകെ ഇപ്പോൾ ഡീ ലിമിറ്റേഷൻ വിഷയം ഉന്നയിക്കുകയാണ്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ബോധപൂർവമുള്ള സർക്കാരിന്റെ ശ്രമമാണിത്. അഴിമതി, വഷളായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന നില, പാർട്ടി നേതാവിന്റെ മകനെ പ്രോത്സാഹിപ്പിച്ചതുമൂലം ഉണ്ടായ ആഭ്യന്തര തർക്കങ്ങൾ എന്നിവ മറച്ചുവെക്കാൻ സ്റ്റാലിൻ സർക്കാർ ആഗ്രഹിക്കുന്നു. ഡീലിമിറ്റേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ, ഞങ്ങൾ എല്ലാവരുമായും കൂടിയാലോചനകൾ നടത്തും. തമിഴ്‌നാടിന്റെ മണ്ണിൽ, മോദി സർക്കാർ ഒരു അനീതിയും ചെയ്യുന്നില്ലെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.