വിജയപുര: കാനറ ബാങ്കിന്റെ വിജയപുര മംഗോളി ശാഖയിൽ 53.26 കോടി രൂപയുടെ സ്വർണ്ണവും പണവും കൊള്ളയടിച്ച കേസിൽ ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ബാങ്ക് മാനേജർ വിജയകുമാർ മിരിയാല (41), കൂട്ടാളികളായ ചന്ദ്രശേഖർ നെരെല്ല (38), സുനിൽ നരസിംഹലു മോക്ക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിജയകുമാർ മിരിയാല മുമ്പ് ബ്രാഞ്ച് മാനേജരായി സേവനമനുഷ്ഠിച്ച വിജയപുര ജില്ലയിലെ ബസവൻബാഗേവാഡി താലൂക്കിലെ കാനറ ബാങ്കിന്റെ മംഗോളി ശാഖയിലാണ് കവർച്ച നടന്നത്. ബാങ്ക് ലോക്കറിൽ നിന്ന് 53.26 കോടി രൂപ വിലമതിക്കുന്ന 58.97 കിലോഗ്രാം സ്വർണ്ണാഭരണങ്ങളും 5.2 ലക്ഷം രൂപ പണവും മോഷ്ടിക്കപ്പെട്ടതായി വിജയപുര പോലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി പറഞ്ഞു.വിജയകുമാർ മിരിയാല നിലവിൽ കാനറ ബാങ്കിന്റെ ഹുബ്ബള്ളി ശാഖയിലെ സീനിയർ മാനേജരാണ്
പോലീസ് പറയുന്നത് , പ്രതികൾ ബാങ്ക് കൊള്ളയടിക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് അവർ കവർച്ച ആസൂത്രണം ചെയ്തത്. എന്നാൽ സംശയം ഒഴിവാക്കാൻ മിരിയാലയെ ബ്രാഞ്ചിൽ നിന്ന് മാറ്റുന്നതുവരെ അവർ കാത്തിരുന്നു. മെയ് 9 ന് മിരിയാലയെ വിജയപുര ജില്ലയിലെ റോണിഹാൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയ ശേഷം അവർ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു, ബാങ്കിന്റെ സേഫ് ഡെപ്പോസിറ്റ് ലോക്കറുകളുടെ താക്കോലുകൾ അവർ നേരത്തെ തന്നെ കൈവശപ്പെടുത്തിയിരുന്നു. ഈ വ്യാജ താക്കോലുകൾ ഉപയോഗിച്ച് മൂന്ന് പേരും കവർച്ച നടത്തി. പുറത്തുനിന്നുള്ളവർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷകരെ വിശ്വസിപ്പിക്കാൻ ബാങ്കിന് സമീപം “മന്ത്രവാദ സാമഗ്രികൾ” സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും വാഹനങ്ങളിൽ കടത്തുകയായിരുന്ന 10.5 കിലോ സ്വർണ്ണവും പോലീസ് പിടിച്ചെടുത്തു.
മെയ് 24-25 വാരാന്ത്യത്തിലാണ് സ്വർണം മോഷണം പോയത്. മെയ് 24 നാലാമത്തെ ശനിയാഴ്ചയും മെയ് 25 ഞായറാഴ്ചയും ആയതിനാൽ, ബ്രാഞ്ച് അടച്ചിട്ടിരിക്കുകയായിരുന്നു.
പിറ്റേന്ന് മെയ് 26 ന് രാവിലെ, പരിസരം വൃത്തിയാക്കാൻ വന്ന പ്യൂൺ ആണ് ബാങ്കിന്റെ ഷട്ടർ പൂട്ടുകൾ തകർത്തതായി ആദ്യം കണ്ടത്. ഇയാൾ ഉടൻ തന്നെ അധികാരികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാങ്ക് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ഏകദേശം 372 ഗ്രാം സ്വർണ്ണം പരിസരത്ത് ചിതറിക്കിടക്കുന്നതായി കണ്ടെത്തി.
മെയ് 23 നാണ് ബ്രാഞ്ച് അവസാനമായി പ്രവർത്തിച്ചിരുന്നത്, അന്ന് വൈകുന്നേരം 7:00 നും മെയ് 25 നും രാവിലെ 11:30 നും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു.















