ലക്നൗ: താജ്മഹലിനുള്ളിൽ ചോർച്ച കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട്. തെർമൽ സ്കാനിംഗിനിടെയാണ് 73 മീറ്റർ ഉയരത്തിൽ ചോർച്ച കണ്ടെത്തിയത്. താജ്മഹലിന്റെ താഴികക്കുടത്തിലാണ് ചോർച്ച. റിപ്പോർട്ടിനെ തുടർന്ന് നിലവിൽ താജ്മഹൽ അടച്ചിട്ടിരിക്കുകയാണ്.
ചോർച്ചയുടെ കൃത്യമായ പരിശോധനകൾക്ക് 15 ദിവസം വേണ്ടിവരും. അതിന് ശേഷം ഗോപുരത്തിന്റെ അറ്റക്കുറ്റപ്പണികൾ ആരംഭിക്കും. താഴികക്കുടത്തിന്റെ കല്ലുകൾക്കിടയിലുള്ള മോർട്ടാർ ക്ഷയിച്ചുതുടങ്ങി. മേൽക്കൂരയുടെ വാതിലും തറയും ദുർബലമായതായും കണ്ടെത്തി. ഇതാണ് ജലചോർച്ചയ്‌ക്ക് കാരണമായത്.
15 ദിവസത്തിന് ശേഷം സാങ്കേതിക വിദഗ്ധരും നിർമാണതൊഴിലാളികളും സ്ഥലത്തെത്തും. കൂടുതൽ സ്ഥലങ്ങളിൽ ചോർച്ചയുണ്ടോയെന്നും വിള്ളലുകൾ സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
കഴിഞ്ഞ വർഷം പെയ്ത ശക്തമായ മഴയിൽ താജ്മഹലിലെ മുംതാസിന്റെ ശവകുടീരങ്ങൾക്ക് സമീപം ചെറിയ തോതിൽ ചോർച്ചയുണ്ടായിരുന്നു. ഇത് പിന്നീട് അറ്റക്കുറ്റപ്പണിയിലൂടെ പരിഹരിച്ചിരുന്നു. 373 വർഷങ്ങൾക്ക് മുമ്പ് 1652-ലാണ് ആദ്യമായി താജ്മഹലിൽ ചോർച്ച റിപ്പോർട്ട് ചെയ്തത്.















