തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് സംസ്ഥാന സർക്കാർ പൂഴ്‌ത്തിവച്ചു. സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ബിജെപി ആലപ്പുഴ സൗത്ത് അദ്ധ്യക്ഷൻ സന്ദീപ് വചസ്പതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
തുടർന്ന് കഴിഞ്ഞ ഒക്ടബോർ 10 ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. പിന്നീട് എട്ട് ശതമാനം പലിയടക്കം നൽകണമെന്ന് വീണ്ടും ഉത്തരവിട്ടു. എന്നാൽ അതും നടപ്പാക്കാത്തതോടെ വരുന്ന ജൂലൈ 10 ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ കമ്മീഷന്റെ വിധിക്കെതിരെ പിണറായി വിജയൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.
സിദ്ധാർത്ഥന്റെ കുടുംബത്തോട് സർക്കാരിന് വൈരാഗ്യമെന്തിനെന്ന് സന്ദീപ് വചസ്പതി വാർത്ത സമ്മേളനത്തിൽ ചോദിച്ചു. മനുഷ്യാവകാശ കമ്മിഷനോട് നന്ദിയുണ്ടെന്നും ഭരണകൂടം കേസ് നടത്തുന്നത് നികുതിപ്പണം കൊണ്ടാണെന്നും നഷ്ടപരിഹാരം തന്നാൽ തെറ്റ് സമ്മതിക്കുന്നതിന് തുല്യമെന്നും സിദ്ധാർഥന്റെ അമ്മ പറഞ്ഞു.















