കോഴിക്കോട്: ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കൊലപാതകം ആണെന്നാണ് നിഗമനം. കോഴിക്കോട് പൊലീസ് തമിഴ്‍ നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട് ആണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ താമസിച്ചിരുന്നത്.ഹേമചന്ദ്രനെ 2024 മാര്‍ച്ച് 20-നാണ് കാണാതാകുന്നത്.ഹേമചന്ദ്രനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒട്ടേറെ ആളുകളുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ പണം കടം കൊടുത്ത ആളുകളാരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും പണം കൊടുക്കുവാനുള്ളവരിൽ നിന്നും സമ്മർദ്ദം കാരണം മാറിനിൽക്കുകയാണോ എന്നൊക്കെയുള്ള സംശയത്തിലായിരുന്നു പോലീസ്.
ഒന്നര വർഷം മുമ്പ് കോഴിക്കോട് വീട്ടിൽ നിന്നും രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു എന്ന് പറഞ്ഞു ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽകോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് വനത്തിൽ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പുരോഗമിക്കുകയാണ്.
ഹേമചന്ദ്രന്റെ മൃതദേഹം ചതുപ്പ് നിലത്തിൽ കിടന്ന നിലയിൽ കണ്ടെത്തി. അവിടെ നിന്നും പുറത്തേക്ക് എത്തിച്ചു.















