തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്‌ച്ച തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.പരമാവധി 1000 ഘനയടി വെള്ളം ആണ് തുറന്നു വിടുക. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 136.10 അടിയാണ്. വെള്ളിയാഴ്ച വൈകിട്ട് 6ന് 135.30 അടിയിലെത്തിയിരുന്നു. നിലവിലെ റൂൾ കർവ് പ്രകാരം ജൂൺ 30 വരെ 136 അടി വെള്ളമാണു തമിഴ്നാടിനു സംഭരിക്കാൻ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ നിർത്തേണ്ടതിനാലാണു ഷട്ടറുകൾ തുറക്കേണ്ടി വരുന്നത്.ഞായറാഴ്‌ച്ച രാവിലെ 10 മണിയോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും.
ജലനിരപ്പ് 136 അടിയിൽ എത്തുമ്പോൾ ഷട്ടറുകൾ തുറക്കുമെന്നു തമിഴ്നാട് ജലസേചന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇവർക്കായി 20ൽ അധികം ക്യാംപുകൾ ഒരുക്കി. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്തു മാത്രമേ തുറക്കാവൂവെന്നു തമിഴ്നാടിനോട് അഭ്യർഥിച്ചതായി കലക്ടർ അറിയിച്ചിരുന്നു.
മുന്‍പ് 2023-ല്‍ രാത്രികാലങ്ങളിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഇത് പെരിയാറില്‍ ജലനിരപ്പുയർത്തുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.















