ബെംഗളൂരു : ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ജഡം കണ്ടത്തി. ചാമരാജനഗർ ജില്ലയിലെ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള ഗുണ്ട്രെ വനമേഖലയിൽ അഞ്ച് വയസ്സുള്ള ഒരു കടുവയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം വനംവകുപ്പ് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പെൺകടുവയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കടുവയുടേത് സ്വാഭാവിക മരണമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പട്ടിണിയും മറ്റ് കടുവകളുമായുള്ള പോരാട്ടവും മൂലവുമാണ് കടുവ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്റർ കന്നഡ മാദ്ധ്യമങ്ങളോട് പ്രഭാകരൻ പറഞ്ഞു. മറ്റ് കടുവകളുമായി കടിപിടി കൂടി സാരമായി പരിക്കേറ്റ കടുവയ്‌ക്ക് വേട്ടയാടാൻ കഴിയാതെ വന്നതോടെ വിശന്നുവലയുകയായിരുന്നുവെന്നാണ് വനം വകുപ്പ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്, അതിന്റെ വയറ്റിലോ കുടലിലോ ഭക്ഷണമൊന്നും കണ്ടെത്തിയില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിൽ മാലെ മഹാദേശ്വര കുന്നുകളിൽ കഴിഞ്ഞ ദിവസം അഞ്ച് കടുവകളുടെ ദുരൂഹ മരണമുണ്ടായിരുന്നു . പോസ്റ്റ് മാർട്ടത്തിൽ അവ വിഷം ഉള്ളിലെ ചെന്നാണ് മരിച്ചത് എന്ന് തെളിഞ്ഞു.















