സ്കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കിടെ സൂംബയെ അനുകൂലിച്ച് എസ്എൻഡിപി. എതിർപ്പുകൾ ബാലിശമാണെന്നും ഇത്തരം നിലപാടുകൾ മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നുവെന്നും എസ്എൻഡിപി വ്യക്തമാക്കി. സംസ്ഥാന നേതൃയോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. വിവരദോഷികളായ പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നുകൊടുക്കരുതെന്നും എസ്എൻഡിപി പ്രമേയത്തിൽ പറയുന്നു.
ഈ അദ്ധ്യായന വർഷം മുതൽ സൂംബ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. സ്കൂളിൽ സൂംബ പരിശീലിപ്പിക്കുന്നത് ധാർമികതയ്‌ക്ക് ചേരില്ലെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു.
സമസ്ത യുവജന വിഭാഗം എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കുട്ടുരും സൂംബയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന സംവിധാനമാണ് സൂംബ ഡാൻസ്. മതബോധമുള്ള രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണെന്നായിരുന്നു അബ്ദു സമദിന്റെ പ്രസ്താവന.















