“ക്ഷമിക്കണം കുഞ്ഞിനെ നോക്കാനുള്ള പണം ഞങ്ങൾക്കില്ല”നവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച മാതാപിതാക്കളുടെ വാക്കുകളാണിത്. കുഞ്ഞിന്റെ ദേഹത്തായി ഒരു ക്ഷമാപണകത്തും വച്ചാണ് കുടുംബം പോയത്. നവി മുംബൈയിലെ പൻവേൽ എന്ന സ്ഥലത്താണ് സംഭവം. മൂന്ന് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം.
ഒരു പ്രദേശവാസിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നടത്തി.
സാമ്പത്തിക സ്ഥിതി മോശമാണെന്നും കുട്ടിയെ വളർത്താൻ കഴിയില്ലെന്നും ഇംഗ്ലീഷിൽ എഴുതിയ കുറിപ്പാണ് കുട്ടി കിടന്ന സ്ഥലത്ത് നിന്നും പൊലീസിന് ലഭിച്ചത്. മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്നും ക്ഷമിക്കണമെന്നും കുറിപ്പിൽ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തകരമാണ്. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.