ഇന്ത്യൻ സിനിമയിലെ രണ്ടു സൂപ്പർ സംവിധായകർ കൈകോർക്കുന്നതായി സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം ലോകേഷ് കനകരാജ് നിർമിക്കുമെന്നാണ് വിവരം. ജി. സ്ക്വാഡിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ തമിഴ് സൂപ്പർ താരം സൂരി മുത്തുച്ചാമിയാണ് നായകനാകുന്നതെന്നും സൂചനയുണ്ട്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.
അങ്കമാലി ഡയറീസ്, ഈ മാ യൗ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം, മലൈകോട്ടൈ വാലിബൻ, സിറ്റി ഓഫ് ഗോർഡ് എന്നിവയാണ് ലിജോ സംവിധാനം ചെയ്ത ചിത്രങ്ങൾ. റിയലസ്റ്റിക് ശൈലി പിന്തുടരുന്ന ലിജോയുടെ ഓരോ സിനിമയും വ്യത്യസ്ത ട്രീറ്റുമെന്റുകളിലാണ് പുറത്തെത്തുന്നത്. തമിഴ്നാട്ടിലും ഏറെ ആരാധകരുള്ള സംവിധായകനാണ് ലിജോ.
അതേസമയം ജി സ്ക്വാഡ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബെൻസിൽ രാഘവ ലോറൻസാണ് നായകനാകുന്നത്. നിവിൻ പോളി പ്രതിനായക വേഷം ചെയ്യുന്നു. മാമൻ എന്ന ചിത്രമാണ് സൂരിയുടേതായി ഏറ്റവും ഒടുവിൽ പുറത്തെത്തിയത്. ഐശ്വര്യ ലക്ഷ്മിയായിരുന്നു നായിക.















