ഹൈദരാബാദ്: ആയുധങ്ങൾ ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ കീഴടങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൊലീസിന് മുന്നിൽ കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകളുമായി ചർച്ച നടത്തണമെന്ന കോൺഗ്രസിന്റെ നിലപാടിനെ അമിത് ഷാ തള്ളിക്കളഞ്ഞു. ആയുധം കൈവശം വച്ചിരിക്കുന്നവരുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നാണ് സർക്കാരിന്റെ നയം. മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിക്കുക, കീഴടങ്ങുക, മുഖ്യധാരയിലേക്ക് വരിക- അമിത് ഷാ പറഞ്ഞു.
ഇതുവരെ 10,000 പേർ ആയുധങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നു. ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങൂ. നിങ്ങൾ കീഴടങ്ങിയാലും ഇല്ലെങ്കിലും 2026 മാർച്ചിന് മുമ്പ് രാജ്യത്ത് നക്സലിസം അവസാനിപ്പിക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 40 വർഷത്തിനിടെ മാവോയിസ്റ്റ് ആക്രമണത്തിൽ 40,000 വനവാസികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മാവോയിസ്റ്റുകൾക്ക് കോൺഗ്രസ് അഭയം നൽകുമെന്ന ആശങ്ക തനിക്കുണ്ട്. തെലങ്കാനയെ മാവോയിസ്റ്റ് കേന്ദ്രമാക്കാൻ ജനങ്ങൾ അനുവദിക്കരുതെന്നും അമിത് ഷാ പറഞ്ഞു.















