തൃശൂർ: പുതുക്കാട്ടെ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്ന് അനീഷയുടെ മൊഴി. ഗർഭിണിയായപ്പോൾ ഇറുകി വസ്ത്രങ്ങൾ ഒഴിവാക്കി. വയറിന് ചുറ്റും തുണികെട്ടിയാണ് ഗർഭാവസ്ഥ മറച്ചുവച്ചത്. ആദ്യത്തെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടത് വീടിന്റെ ഇടതുവശത്താണെന്നും അനീഷ മൊഴി നൽകി. ഇന്ന് കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ഫൊറൻസിക് സംഘം പരിശോധിക്കും. ആദ്യ കുട്ടിയെ അനീഷയുടെ വീട്ടിലും രണ്ടാമത്തെ കുട്ടിയെ കാമുകൻ ഭിവീന്റെ വീട്ടിലുമാണ് കുഴിച്ചിട്ടതെന്നാണ് വിവരം.
ലാബ് ടെക്നീഷ്യനായിരുന്നു അനീഷ. ഇത് അനീഷയ്‌ക്ക് സ്വയം പ്രസവം എടുക്കാൻ ഗുണകരമായെന്ന് പൊലീസ് പറയുന്നു. ഭവിന്റെ ഫോണിൽ നിന്നും രണ്ടാമത്തെ കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോസ് പൊലീസ് കണ്ടെടുത്തു.
അനീഷ കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ കൊണ്ടുവന്ന് കുഴിച്ചിടുന്നത് കണ്ടെന്ന് അൽവാസിയായ ഗിരിജ വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാകുന്നതിനു മുന്നേ അനീഷ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അപവാദം പ്രചരിപ്പിക്കുന്ന കാണിച്ച് അയൽവാസികൾക്കെതിരെ അനീഷ കള്ളക്കേസ് കൊടുത്തു. ശേഷം അയൽവാസികളും അനീഷയുടെ കുടുംബവും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. 2021 ലും 2024 ആയിരുന്നു അനീഷ കുഞ്ഞുങ്ങളെ പ്രസവിച്ചത്. എന്നാൽ അനീഷ നൽകിയ പല മൊഴികളും പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശനിയാഴ്ച അർദ്ധരാത്രിയാണ് മദ്യലഹരിയിൽ ഒരു ബാഗുമായി യുവാവ് സ്റ്റേഷനിലെത്തിയത്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. മാസം തികയുന്നതിന് മുൻപേ ജനിച്ച ആൺകുട്ടികൾ മരിച്ചെന്നും അവരുടെ അസ്ഥിയാണ് ബാഗിലുള്ളതെന്നും വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് അനീഷയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
പ്രണയിതാക്കളായ ഭവിനും അനീഷയ്‌ക്കും വിവാഹത്തിന് മുൻപാണ് രണ്ടു കുട്ടികൾ ജനിച്ചത്. കുട്ടികളെ കുഴിച്ചിടാനും അസ്ഥി കൈമാറാനും നിർദേശിച്ചത് ഭവിനായിരുന്നു. ഇയാൾ അസ്ഥി സൂക്ഷിച്ചത് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയാൽ ഭീഷണിപ്പെടുത്താനായിരുന്നു.















