മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് തിങ്കളാഴ്ച നല്ല ദിവസം ആയില്ല. നാല് ദിവസത്തെ കുതിപ്പിനു ശേഷം ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 452 പോയിന്റ് അഥവാ 0.54 ശതമാനം ഇടിഞ്ഞ് 83,606.46 ലും നിഫ്റ്റി50 121 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 25,517.05 ലും ക്ലോസ് ചെയ്തു.
ഇതിന് വിപരീതമായി ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.67 ശതമാനവും 0.81 ശതമാനവും ഉയര്‍ന്നു. മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലെ നേട്ടങ്ങളുടെ ഫലമായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള വിപണി മൂലധനം മുന്‍ സെഷനിലെ 460 ലക്ഷം കോടി രൂപയില്‍ നിന്ന് 461 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപകരുടെ ആസ്തി ഒരു ദിവസം കൊണ്ട് 1 ലക്ഷം കോടി രൂപ വര്‍ധിച്ചു.
പ്രതിമാസ അടിസ്ഥാനത്തില്‍ നോക്കിയാല്‍ നിഫ്റ്റി50 തുടര്‍ച്ചയായ നാലാം മാസവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജൂണില്‍ നിഫ്റ്റി സൂചിക 3 ശതമാനം ഉയര്‍ന്നു.
വീഴ്ചക്ക് കാരണം
റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുള്‍പ്പെടെ വിപണിയിലെ വമ്പന്‍ ഓഹരികളില്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതാണ് ഇടിവിന് പ്രധാന കാരണം.
‘മിഡില്‍ ഈസ്റ്റിലെ അപകടസാധ്യത ലഘൂകരിക്കപ്പെട്ടതും യുഎസ് വ്യാപാര കരാര്‍ പ്രതീക്ഷകളും കാരണം ആഗോള വിപണി വികാരം ഇക്വിറ്റികള്‍ക്ക് അനുകൂലമായി നീങ്ങുന്നു. എന്നിരുന്നാലും, സമീപകാല റാലിക്ക് ശേഷം പ്രധാന ആഭ്യന്തര സൂചികകള്‍ ലാഭം ബുക്ക് ചെയ്യുന്നതിന് സാക്ഷ്യം വഹിച്ചു,’ ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ഗവേഷണ മേധാവി വിനോദ് നായര്‍ നിരീക്ഷിച്ചു.
ഡേ കാന്‍ഡിലുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ നിഫ്റ്റിയില്‍ ഒരു ബെയറിഷ് എന്‍ഗള്‍ഫിംഗ് പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഇത് നിലവിലെ റാലിക്ക് ക്ഷീണമാണെന്നും എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡേ നിരീക്ഷിക്കുന്നു. 25500 ന് താഴേക്ക് നിഫ്റ്റി വീണാല്‍ അത് വീണ്ടും ഒരു തിരുത്തലിന് കാരണമാകും. നിഫ്റ്റി 25,600-25,800 എന്നീ നിലകളില്‍ ശക്തമായ റെസിസ്റ്റന്‍സ് നേരിടുന്നുണ്ട്. ഈ ലെവലുകള്‍ കടന്ന് ക്ലോസ് ചെയ്താലേ പുതിയ ഉയര്‍ച്ച ദൃശ്യമാവൂ.
നേട്ടക്കാര്‍
ചിലരുടെ ബഹിഷ്‌കരണ ആഹ്വാനങ്ങളുടെ പേരില്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ സൂഡിയോയുടെ പേരന്റ് കമ്പനിയായ ട്രെന്റിന്റെ ഓഹരികള്‍ തിങ്കളാഴ്ച 3.04 ശതമാനം ഉയര്‍ന്ന് 6200 ന് മുകളില്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ട്രെന്റില്‍ പോസിറ്റീവ് വികാരമാണ് നിലനില്‍ക്കുന്നത്. പ്രതിരോധ കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഎഎല്‍) കുതിപ്പ് തുടരുന്നു. ഇന്ന് ഓഹരി വില 2 ശതമാനം വര്‍ധനയോടെ 417 രൂപയിലെത്തി. എച്ച്ഡിഎഫ്‌സിയും ഐസിഐസിഐയും പിന്നോട്ടു പോയെങ്കിലും എസ്ബിഐ 1.79 ശതമാനം നേട്ടമുണ്ടാക്കി.
ഇന്നോവാന തിങ്ക്‌ലാബ്‌സ്, ഷെമറൂ എന്റര്‍ടൈന്‍മെന്റ്, തമിഴ്‌നാട് ടെലികമ്മ്യൂണിക്കേഷന്‍, ഡാംഗി ഡംസ്, ഫിലാറ്റെക്‌സ് ഫാഷന്‍സ് എന്നിവയടക്കം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (എന്‍എസ്ഇ) ഏഴ് ഓഹരികള്‍ 15 ശതമാനത്തിലധികം ഉയര്‍ന്നു.
നഷ്ടം ഇവര്‍ക്ക്
നിഫ്റ്റി50 സൂചികയില്‍ 31 ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ടാറ്റ കണ്‍സ്യൂമര്‍ (2.34 ശതമാനം ഇടിവ്), കൊട്ടക് മഹീന്ദ്ര ബാങ്ക് (2.17 ശതമാനം ഇടിവ്), ആക്‌സിസ് ബാങ്ക് (2.13 ശതമാനം ഇടിവ്) എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരികള്‍.
സിഗാച്ചി ഇന്‍ഡസ്ട്രീസ് (11.19 ശതമാനം ഇടിവ്), ജിഎസിഎം ടെക്‌നോളജീസ് (10 ശതമാനം ഇടിവ്) എന്നിവയാണ് എന്‍എസ്ഇയില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ഇടിവ് നേരിട്ട രണ്ട് ഓഹരികള്‍.
മേഖലാ സൂചികകള്‍
നിഫ്റ്റി ബാങ്ക് സൂചിക 0.23 ശതമാനം ഇടിഞ്ഞു. െ്രെപവറ്റ് ബാങ്ക് സൂചികയില്‍ 0.88 ശതമാനം ഇടിവ് ദൃശ്യമായി. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സൂചികയില്‍ 0.62 ശതമാനമാണ് നഷ്ട. അതേസമയം തന്നെ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2.66 ശതമാനം ഉയര്‍ന്നു. ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളിലും നേട്ടം ദൃശ്യമായി. ഈ സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നു.
52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ 162 ഓഹരികള്‍
വിപണിയിലെ കുതിപ്പിന്റെ സൂചന നല്‍കി എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, എസ്ആര്‍എഫ്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയുള്‍പ്പെടെ 162 ഓഹരികള്‍ ബിഎസ്ഇയിലെ ഇന്‍ട്രാഡേ വ്യാപാരത്തില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ജിന്‍ഡാല്‍ വേള്‍ഡ്‌വൈഡ്, സലാസര്‍ ടെക്‌നോ എഞ്ചിനീയറിംഗ് എന്നിവയടക്കം 45 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.