തിരുവനന്തപുരം: സുരക്ഷയ്‌ക്കായി ഗവർണർ ആവശ്യപ്പെട്ട പൊലീസുകാരുടെ പട്ടിക സർക്കാർ വെട്ടി. 6 പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലമാറ്റ ഉത്തരവ് സർക്കാർ റദ്ദാക്കി. സാധാരണഗതിയിൽ ഗവർണർ തന്നെ തെരഞ്ഞെടുക്കുന്ന പോലീസുകാരെയാണ് രാജ്ഭവനിൽ നിയോഗിക്കാറുള്ളത്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശനിയാഴ്ച ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെട്ടത്. ഇതിൻ പ്രകാരം ആറ് പോലീസുകാരെയും ഒരു ഡ്രൈവറെയും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ രാജ്ഭവനിൽ നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കി. ഈ ഉത്തരവിറക്കിയ ദിവസം തന്നെ സ്ഥലമാറ്റം റദ്ദാക്കി അടുത്ത ഉത്തരവിറക്കി. ഡിജിപിയുടെ നടപടി സർക്കാർ നിർദ്ദേശത്തെ തുടർന്നാണെന്നാണ് റിപ്പോർട്ട്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റപ്പോൾ തന്നെ അവിടെയുണ്ടായിരുന്ന മൂന്ന് പോലീസുകാരെ പിൻവലിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയിരുന്നു. ഇതിൽ അനിഷ്ടം രേഖപ്പെടുത്തിക്കൊണ്ട് ഗവർണ്ണർ അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയെ നേരിട്ട് വിളിച്ചുവരുത്തി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.















