ന്യൂഡൽഹി: പൊന്നാനിയിലും കോഴിക്കോടും മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്തോ സെൻ. ഇത്തരം മതപരിവർത്തന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ദി അൺടോൾഡ് കേരള സ്റ്റോറി’ എന്ന പുസ്തത്തിന്റെ പ്രകാശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പുസ്തകം പ്രകാശനം ചെയ്തത്. സിനിമയിൽ ഉൾപ്പെടുത്താൻ കഴിയാത്ത പല കുടുംബങ്ങളുടെയും യുവതികളുടെയും സാക്ഷ്യപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്.
പത്ത് വർഷത്തെ ഗവേഷണം ഒരു സിനിമയിലൂടെ പറഞ്ഞു തീർക്കാവുന്നതല്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു . സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ പോയ മറ്റ് പെൺകുട്ടികളുടെ വെളിപ്പെടുത്തലുകൾ കൂടി പുറം ലോകത്തെ അറിയിക്കുക എന്ന കടമ കൂടി ഞങ്ങൾക്കുണ്ട്. കേരളത്തിൽ യഥാർത്ഥത്തിൽ നടക്കുന്നതും, സർക്കാർ സംവിധാനം മറച്ചു പിടിക്കുന്നതുമായ കാര്യങ്ങളാണ് ഇതിലുള്ളത്.
കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുള്ള സംഭവങ്ങളാണ് ഇതിൽ കൂടുതലായും ഉൾപ്പെടുത്തിയിട്ടുള്ളത്. ഔദ്യോഗികമായി മതപരിവർത്തന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ എക സംസ്ഥാനമാണ് കേരളം. പൊന്നാനിയിലും കോഴിക്കോടുമാണ് മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രലോഭിപ്പിച്ചും ബ്രെയിൻ വാഷ് ചെയ്തുമാണ് ഇവിടെ മതംമാറ്റുന്നത്. കഴിഞ്ഞ മാസവും കേരളത്തിൽ പോയിരുന്നു. ഇരകളായ കുടുംബങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപുരാൻ സിനിമയുടെ ആദ്യ ഭാഗങ്ങൾ ചിലരെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം ഉൾപ്പെടുത്തിയതാണെന്നും സുദിപ്തോ സെൻ കൂട്ടിച്ചേർത്തു.
മലയാളിയായ അംബിക ജെ.കെ.യുമായി സഹകരിച്ചാണ് സുദീപ്തോ സെൻ പുസ്തകം രചിച്ചിരിക്കുന്നത്. 450 പേജുകളുള്ള പുസ്തകത്തിന്‍റെ വില 591 രൂപയാണ്.















