കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് ബലാത്സംഗക്കേസിലെ മുഖ്യപ്രതി തൃണമൂൽ നേതാവ് മോണോജിത് മിശ്ര മുൻപ് കൊൽക്കത്ത ആർജിക്കാർ ബലാത്സംഗക്കേസിലെ ഇരയ്‌ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു.
കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒരു പ്രതിഷേധ മാർച്ച് നയിക്കുന്ന വീഡിയോ ഓഗസ്റ്റ് 16 ന് മോണോജിത് മിശ്ര ഫേസ്ബുക്കിൽ പങ്കിട്ടിരുന്നു. മുഖ്യമന്ത്രിയെ ‘അഗ്നികന്യ’ എന്ന് വിശേഷിപ്പിച്ച യുവ അഭിഭാഷകൻ, “ബലാത്സംഗം ചെയ്തയാൾക്ക് തൂക്കുകയർ നൽകണമെന്ന് ആവശ്യപ്പെട്ടു.
“ബലാത്സംഗം ചെയ്തയാൾക്ക് ഞങ്ങൾ തൂക്കുകയർ ആവശ്യപ്പെടുന്നു, ഞങ്ങൾ നീതി ആവശ്യപ്പെടുന്നു, നാടകമല്ല, ഞങ്ങൾക്ക് കാലതാമസമില്ലാത്ത നീതിയാണ് ആവശ്യം,” വീഡിയോക്ക് അടിക്കുറിപ്പായി മോണോജിത്ത് കുറിച്ചു. ഒരു വർഷത്തിനിപ്പുറം നിയമവിദ്യാർത്ഥിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് തൃണമൂൽ നേതാവ്. ഇതോടെ മോണോജിത്തിന്റെ പഴയ വീഡിയോക്ക് താഴെ ആളുകൾ രൂക്ഷ വിമർശനങ്ങളുമായെത്തി.
തൃണമൂൽ നേതാവിനും കൂട്ടുപ്രതികൾക്കും കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമാനമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നുണ്ട്. ലോ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ മോണോജിത്, തൃണമൂൽ യൂണിറ്റ് പിരിച്ചുവിടുന്നതിന് മുമ്പ് ക്യാമ്പസിൽ അതിന്റെ തലവനായിരുന്നു. പാർട്ടിയുടെ ഉന്നത നേതാക്കളുമായി അടുപ്പമുണ്ടെന്ന് മോണോജിത്ത് അവകാശപ്പെട്ടിരുന്നുവെന്നും അധ്യാപകർ ഉൾപ്പെടെ ക്യാമ്പസിലെ എല്ലാവരും ഇയാളെ ഭയപ്പെട്ടിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.
മോണോജിത് മിശ്രയ്‌ക്കെതിരെ മുൻപും നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 2019 ജൂലൈയിൽ സൗത്ത് കൽക്കട്ട ലോ കോളേജിലെ ഒരു വനിതാ വിദ്യാർത്ഥിനിയുടെ വസ്ത്രം വലിച്ചുകീറിയ സംഭവം, ഡിസംബറിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് സംഗീത ഉപകരണം, പെർഫ്യൂം, കണ്ണട എന്നിവ മോഷ്ടിക്കൽ, മാർച്ചിൽ സ്വിൻഹോ ലെയ്‌നിൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങി നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. എന്നാൽ ഈ കേസുകളിലെല്ലാം തൃണമൂൽ നേതാവ് നിഷ്പ്രയാസം ജാമ്യത്തിൽ ഇറങ്ങി.