കൊല്ലം: ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല്. ചിതറയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടു കൂടിയാണ് ചിതറ ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ സൂരജ് ഹോട്ടലിൽ നിന്നും നാല് ബിരിയാണി വാങ്ങിയത്. 520 രൂപ നൽകുകയും ചെയ്തു. വീട്ടിലെത്തിയ സൂരജ് ഗർഭിണിയായ ഭാര്യയ്‌ക്കും സഹോദനുമൊപ്പം ബിരിയാണി കഴിച്ചു.
പകുതിയോളം കഴിച്ചപ്പോഴാണ് സൂരജിന് വായ്‌ക്കുള്ളിൽ എന്തോ തടഞ്ഞത്. എല്ലിൻ കഷ്ണമാണന്ന് കരുതി കടിച്ചു പൊട്ടിക്കുകയും ചെയ്തു. അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടർന്ന് പുറത്തെടുത്തപ്പോഴാണ് കുപ്പിച്ചി ല്ലാണെന്ന് മനസ്സിലായത്. തുടർന്ന് കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സൂരജിന്റെ തൊണ്ടയിൽ മുറിവുണ്ട്. പിന്നാലെ ഭക്ഷ്യസുരക്ഷ വകുപ്പിനും കടയ്‌ക്കൽ പൊലീസിനും യുവാവ് പരാതി നൽകി.
സംഭവം ഹോട്ടലുടമയെ അറിയിച്ചപ്പോൾ മോശമായി പെരുമാറിയെന്നും സൂരജ് പറയുന്നു. ഹോട്ടലിനെ അപകീർത്തിപ്പെടുത്താണ് സൂരജിന്റെ ശ്രമമെന്നാണ് ഹോട്ടലുടമയുടെ പ്രതികരണം.















