കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി എഡിസൺ. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെറ്റാമെലോൺ ശൃംഖല തകർത്തതായും എൻസിബി കൊച്ചി യൂണിറ്റ് അറിയിച്ചു. കഴിഞ്ഞ മാസം കൊച്ചിയിൽ തപാൽ വഴി എത്തിയ ലഹരി പാഴ്സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഡാർക്ക് നെറ്റിൽ എത്തിയത്. ‘ഓപ്പറേഷൻ മെലൺ’ എന്ന പേരിലാണ് കൊച്ചി എൻസിബി യൂണിറ്റിന്റെ ദൗത്യം. കഴിഞ്ഞ ദിവസമാണ് എഡിസണിനെ എൻസിബി കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
ബെംഗളൂരു കേന്ദ്രീകരിച്ചാണ് എഡിസണിന്റെ പ്രവർത്തനം. ഡിജിറ്റൽ അധോലോകമാണ് ഡാർക്ക് നെറ്റ് എന്നറിയപ്പെടുന്നത്. ഇതിൽ എറ്റവും വലിയ ശൃംഖലയാണ് കെറ്റാമെലോൺ. രാജ്യത്തെ വൻ നഗരങ്ങളും ചെറു പട്ടണങ്ങളിലേക്കും മാരക രാസലഹരി ഒഴുകിയത് ഇതിലൂടെയാണ്. കഴിഞ്ഞ മാസം കൊച്ചിയിൽ എത്തിയ 260 എൽഎസ്ഡി ബ്ലോട്ടുകളിലെ മൂവാറ്റുപുഴ മേൽവിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ ആരംഭിച്ചത്. തുടർന്ന് എഡിസണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 260 എൽഎസ്ഡി ബ്ലോട്ടുകളും മാരക രാസലഹരിയായ 160 ഗ്രാം കെറ്റമൈനും പിടിച്ചെടുത്തു. എഡിസണിന്റെ ലാപ്പ്ടോപ്പിൽ നിന്നാണ് കെറ്റാമെലോൺ ഡാർക്ക് നെറ്റിനെ കുറിച്ച് കൂടുതൽ വിവരം എൻസിബിക്ക് ലഭിക്കുന്നത്.
ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ലെവൽ 4 വിഭാഗത്തിൽ പ്പെടുന്ന ഡാർക്ക് നെറ്റ് ശൃംഖലയാണ് കെറ്റമലോൺ. കോഡ് ഭാഷയിലാണ് ഇവിടെ ലഹരി ഇടപാട് നടന്നത്. കോടികളുടെ ക്രിപ്റ്റോ കറൻസി ഇതിലൂടെ ഒഴുകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ആഗോള ലഹരി ശൃംഖലയായ യുകെയിലെ ഡോ. സീസസ് ഗ്രൂപ്പിൽ നിന്നാണ് എഡിസൺ പാഴ്സലായി ലഹരി വാങ്ങിയിരുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലുകളാണ് ഇവിടെ നിന്നും എഡിസണിന് ലഭിച്ചത്.
നിലവിൽ എഡിസണിനെ എൻസിബി ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ പ്രധാന സഹായിയായ ഐടി വിദഗ്ധനായുള്ള തിരച്ചിൽ ഊർജ്ജിതമാണ്. എഡിസണിന്റെ അഞ്ച് സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.