പത്തനംതിട്ട: അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകും മുമ്പ് ഗർഭിണിയായ സംഭവത്തിൽ അനാഥാലയത്തിന്റെ അംഗീകാരം റദ്ദാക്കിയേക്കും. ഇവിടെ താമസിക്കുന്ന 22 പെൺകുട്ടികളെ അംഗീകാരമുള്ള മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ പത്തനംതിട്ട ശിശുക്ഷേമ സമിതി തീരുമാനിച്ചു. അടൂർ ജീവമാതാ കാരുണ്യ ഭവനെതിരെയാണ് നടപടി.
പ്രായപൂർത്തിയായതിന്റെ തൊട്ടടുത്ത ദിവസം യുവാവിനൊപ്പം പുറത്തുപോയപ്പോഴാണ് ബന്ധമുണ്ടായത് എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ നടത്തിപ്പുകാരിയുടെ മകന് എങ്ങനെ പെൺകുട്ടിയെ പുറത്തു കൊണ്ടുപോകാൻ സാധിച്ചു എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.
കഴിഞ്ഞ ജൂൺ 2 നാണ് പെൺകുട്ടി പ്രസവിച്ചത്. നവംബർ 23 നായിരുന്നു നടത്തിപ്പുകാരിയുടെ മകനുമായി പെൺകുട്ടിയുടെ വിവാഹം.
2024 നവംബർ ഒൻപതാം തീയതി 18 വയസ് തികഞ്ഞെന്നും 10 ന് പുറത്തു പോയപ്പോഴാണ് ആണ് യുവാവുമായി ലൈംഗിക ബന്ധമുണ്ടായത് എന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ അതിനും ഒരു മാസം മുമ്പ് ഗർഭിണിയായിരിക്കാം എന്നാണ് ഡോക്ടർ പൊലീസിന് നൽകിയ മൊഴി. പ്രായപൂർത്തിയാകും മുൻപ് ഗർഭിണി ആയി എന്ന് കണ്ടെത്തിയാൽ നടത്തിപ്പുകാരിയും മകനുമടക്കം പ്രതികളാകും.















