ന്യൂഡൽഹി: റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ വൻ ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഇന്ത്യ ബോധവാന്മാരാണെന്നും അമേരിക്കയുമായി ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സെനറ്റർ ലിൻസി ഗ്രഹാമുമായി ബന്ധപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ഊർജ്ജം, സുരക്ഷ എന്നിവയിലെ ഞങ്ങളുടെ ആശങ്കകളും താൽപ്പര്യങ്ങളും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ബില്ലിന്റെ സ്വാധീനം ഇന്ത്യ വിലയിരുത്തും. ആ കടമ്പ നമ്മൾ മറികടക്കും, ഇതായിരുന്നു ജയശങ്കറിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് ഇറക്കുമതി തീരുവ ബില്ലുമായി ബന്ധപ്പെട്ട് യുഎസ് സെനറ്റർ ലിൻസി ഗ്രഹാമിന്റെ പ്രസ്താവന പുറത്തു വന്നത്. റഷ്യയുടെ എണ്ണയും ഗ്യാസും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500% ഇറക്കുമതി തീരുവ ഈടാക്കാനുള്ള ബിൽ തയാറായെന്നായിരുന്നു ലിൻസി ഗ്രഹാം അഭിമുഖത്തിനിടെ പറഞ്ഞത്. ഓഗസ്റ്റിലായിരിക്കും ബിൽ അവതരിപ്പിക്കുക.















