മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലെ അപായ സാധ്യതകളെക്കുറിച്ച് ചെറുകിട നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റോക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായ സെരോധയുടെ സ്ഥാപകനും സിഇഒയുമായ നിതിന്‍ കാമത്ത്. പുറത്ത് ലഭ്യമായ ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ വാങ്ങിയാല്‍ പിന്നീട് ഉയര്‍ന്ന വിലയ്‌ക്ക് വില്‍ക്കാമെന്നാണ് മിക്ക ആളുകളും കരുതുന്നതെന്നും എന്നാല്‍ പലപ്പോഴും വലിയ നഷ്ടമാണ് അവ ലിസ്റ്റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്നും കാമത്ത് ചൂണ്ടിക്കാട്ടി.
ലിസ്റ്റുചെയ്യാത്ത പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആളുകള്‍ വാങ്ങിയ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കഴിഞ്ഞയാഴ്ച ഏകദേശം 40% കുറഞ്ഞ വിലയ്‌ക്കാണ് ഐപിഒയ്‌ക്ക് എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്ഇ (നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്), എംഎസ്ഇഐ (മെട്രോപോളിറ്റന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഓഹരികള്‍ വാങ്ങാനുള്ള ആഗ്രഹം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കിടയില്‍ ഭ്രാന്തമായി പടര്‍ന്നിട്ടുണ്ടെന്നും കാമത്ത് ചൂണ്ടിക്കാട്ടി.
ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികള്‍ക്ക് ശരിയായ വില കണ്ടെത്താന്‍ ശരിയായ സംവിധാനമില്ല എന്നതാണ് വലിയ പ്രശ്‌നമെന്ന് കാമത്ത് ചൂണ്ടിക്കാട്ടുന്നു. ചില കമ്പനികള്‍ വര്‍ഷങ്ങളോളം ലിസ്റ്റ് ചെയ്യപ്പെടാതെയിരിക്കുകയോ ഒരിക്കലും ഒരു ഐപിഒ ലോഞ്ച് ചെയ്യുകയോ ചെയ്യാറില്ല. ഇതോടെ ചെറുകിട നിക്ഷേപകര്‍ ആ ഓഹരികളില്‍ പെട്ടുപോകുന്നു.
മ്യൂച്വല്‍ ഫണ്ടുകള്‍ സെബിയുടെ നിയന്ത്രണത്തിലുള്ളതും വൈവിധ്യമാര്‍ന്നതും സ്ഥിരമായി വിവരങ്ങള്‍ നിക്ഷേപകരുമായി പങ്കിടുന്നതും ആയതിനാല്‍ അവ കൂടുതല്‍ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാവശ്യ റിസ്‌ക് എടുക്കാതെ പണം വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ മികച്ച നിക്ഷേപ അവസരം നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.















