ന്യൂഡൽഹി: ഇന്ത്യൻ സായുധസേനയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് 1.05 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ പ്രാരംഭ അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC). മൈൻസ്വീപ്പറുകൾ,ദ്രുത പ്രതികരണ ശേഷിയുള്ള സർഫസ് ടു എയർ മിസൈലുകൾ, ആംഡ് റിക്കവറി വാഹനങ്ങൾക്കുള്ള ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവയാണ് വാങ്ങാൻ പദ്ധതിയിടുന്നത്.
പ്രതിരോധ നിർമ്മാണ മേഖലയിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനായി തദ്ദേശീയ നിർമ്മാണ പദ്ധതികൾക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഎസി അംഗീകാരം നൽകിയതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നാവികസേനയ്‌ക്കായി ഏകദേശം 44,000 കോടി രൂപ ചെലവിൽ മൈൻ കൗണ്ടർമെഷർ വെസലുകൾ (MCMV) അഥവാ മൈൻസ്വീപ്പറുകൾ ഏറ്റെടുക്കുന്നത് ഡിഎസി അംഗീകരിച്ച ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശമാണ്.
നിലവിൽ നാവികസേനയിൽ മൈൻസ്വീപ്പറുകളുടെ അഭാവമുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനം. മൈൻസ്വീപ്പർമാർക്ക് പുറമേ, സമുദ്രാടിത്തട്ടിൽ സ്ഥാപിക്കാവുന്ന മൈനുകൾ, സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട്, സബ്‌മെഴ്‌സിബിൾ ഓട്ടോണമസ് വെസലുകൾ പ്രാരംഭാനുമതി നൽകി. 30,000 കോടി രൂപ ചെലവിലാണ് ദ്രുതപ്രതികരണ ശേഷിയുള്ള സർഫസ് ടു എയർ മിസൈലുകൾ വാങ്ങുന്നത്.















