കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഉപയോഗിക്കാതെ അടിച്ചിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്ന മന്ത്രി വീണ ജോർജിന്റെ വാദം മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ തള്ളി. പതിനഞ്ചോളം രോഗികൾ അവിടെ കിടക്കുന്നുണ്ട്. എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്. ആരെയാണ് ഇവർ പറ്റിക്കുന്നതെന്ന് വിശ്രുതൻ ചോദിച്ചു.
ഉപയോഗിക്കുന്ന കെട്ടിടം തന്നെയാണത്. പതിനഞ്ചോളം ബെഡുകൾ അവിടെയുണ്ട്. ഞങ്ങൾ ഒന്നാം തീയതി അഡ്മിറ്റ് ചെയ്യുമ്പോഴും അവിടെ ആളുണ്ടായിരുന്നു. മകൾ കിടന്നതും ഇതിനുള്ളിലായിരുന്നു. ഡോക്ടർമാർ ഇവിടെ റൗഡ്സിന് വരാറുണ്ട്. ഏത് സമയത്തും അവിടെ ആളുണ്ട്. അവിടെ ചെരുപ്പിട്ട് കയറാൻ പറ്റില്ല. ഐസിയു പോലുള്ള വാർഡായിരുന്നു അത്. രാവിലെ ഇതേ ബാത്ത്റൂമിലാണ് ഭാര്യ കുളിച്ചതും മകളെ അവൾ കുളിപ്പിച്ചതും. സ്ത്രീകളുടെ വാർഡായതിനാൽ ഞാൻ പുറത്താണ് എല്ലാം ചെയ്യുന്നത്. രണ്ടു പേരും കുളിച്ച് വൃത്തിയായി നിക്കുന്നത് ഞാൻ കണ്ടതാണ്. പിന്നെ ഉപയോഗിക്കാത്ത കെട്ടിടം എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്, വിശ്രുതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി തലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ആരും ഞങ്ങളോട് സംസാരിച്ചിട്ടില്ല. ആശ്വാസവാക്ക് പോലും അവരിൽ നിന്നും ഉണ്ടായിട്ടില്ലന്നും ബിന്ദുവിന്റെ ഭർത്താവ് കൂട്ടിച്ചേർത്തു.
അതേസമയം കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ചു. രാവിലെ 11മണിയോടെയാണ് സംസ്കാരം. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്