ധാക്ക: ബംഗ്ലദേശിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് തീവ്ര ഇസ്ലാമിക സംഘടനയായ ജമാ അത്ത് ചാർ മൊനായ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കിയ ശരിയത്ത് നിയമത്തിന്റെ മാതൃകയാണ് പിന്തുടരുകയെന്ന് ചാർ മൊനായ് പീർ തലവൻ സയീദ് മുഹമ്മദ് ഫൈസുൽ കരീം പറഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബംഗ്ലാദേശി പത്രപ്രവർത്തകൻ ഖൽദ് മുഹിയുദ്ദീനുമായുള്ള അഭിമുഖത്തിലാണ് പ്രസ്താവന.
ഇറാന്റെ തത്ത്വചിന്തയ്‌ക്കൊപ്പം, താലിബാൻ മോഡൽ ഭരണസംവിധാനമാണ് ഇസ്ലാമിക് മൂവ്മെൻറ് ബംഗ്ലാദേശിൽ നടപ്പാക്കുക. ഞങ്ങൾ കൊണ്ടുവരുന്ന ശരിയത്ത് നിയമത്തിൽ ഹിന്ദുക്കൾക്കും അവകാശങ്ങൾ ലഭിക്കുമെന്ന ‘വമ്പൻ’ പ്രഖ്യാപനവും മുഫ്തി സയീദ് മുഹമ്മദ് നടത്തി.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മതമൗലികവാദത്തെ പാലൂട്ടി വളർത്തുകയാണെന്ന് അവാമി ലീഗ് ആരോപിച്ചു. ബംഗ്ലദേശിനെ പതിറ്റാണ്ടുകൾ പിന്നോട്ടടിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പരസ്യ ഭീഷണിയാണിതെന്നും അവാമി ലീഗ് നേതാക്കൾ പറഞ്ഞു.
താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ വിലക്കുണ്ട്. ആറാം ക്ലാസ് വരെയാണ് പെൺകുട്ടികൾക്ക് പഠനത്തിനുള്ള അനുമതി. ജോലിക്ക് പോകാനോ സ്വന്തമായി ബിസിനസ് നടത്താനോ അനുവാദമില്ല. എന്തിന് ഉച്ചത്തിൽ ഖുറാൻ വായിക്കാൻ പോലും വിലക്കുണ്ട്. ബംഗ്ലാദേശിലും ഇതേ പാതയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇസ്ലാമിക് മൂവ്മെൻറും ഇടക്കാല സർക്കാരും നടത്തുന്നതെന്ന് വ്യക്തം.
അവാമി ലീഗ് കഴിഞ്ഞ ദിവസം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടിരുന്നു. ജൂൺ മാസം മാത്രം 63 ബലാൽസംഗങ്ങൾ ബംഗ്ലദേശിലുണ്ടായെന്നും ഇതിൽ 17 എണ്ണം കൂട്ടബലാൽസംഗങ്ങളാണെന്നും അതിജീവിതമാരിൽ ഏഴു സ്ത്രീകൾ ശാരീരികമായ വെല്ലുവിളികൾ നേരിടുന്നവരായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.















