പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും തന്നെ പരിഹാസവും വിമർശനവും ശക്തമാകുന്നു. സിപിഎം നേതാവും പത്തനംതിട്ട ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.
‘കുട്ടിയായിരിക്കുമ്പോൾ ക്ലാസ് പരീക്ഷ/ കേട്ടെഴുത്ത് ദിവസം വയറുവേദനയെന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അവിടെ ഉത്തരങ്ങളിൽ നിന്നും രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽ നിന്നും’… എന്നിങ്ങനെ പോകുന്നു പരിഹാസം. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിന് പിന്നാലെ മന്ത്രി വീണ ജോർജ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. ഇതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം കൂടിയായ രാജീവ് പരിഹസിച്ചത്.
പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം ജോൺസൺ വീണ ജോർജിന്റെ പേര് എടുത്ത് പറഞ്ഞാണ് വിമർശിച്ചിരിക്കുന്നത്. മന്ത്രി പോയിട്ട് എംഎൽഎയായി ഇരിക്കാൻ പോലും വീണ ജോർജിന് അർഹതയില്ല, കൂടുതൽ പറയിപ്പിക്കരുതെന്നുമാണ് ജോൺസൺ പറഞ്ഞത്. പോസ്റ്റിന് താഴെ വന്ന സിപിഎം പ്രാദേശിക നേതാക്കളുടെ കമന്റും മന്ത്രിക്കെതിരെയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്. മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യവും ശക്തമാകുകയാണ്. പാർട്ടിക്കുള്ളിലെ ഒരുവിഭാഗവും രാജി ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം.















