ഹൈന്ദവ ആചാരങ്ങൾക്ക് ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ഇ.വി. വേലു. ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങൾ ആർക്കാണ് മനസിലാകുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ആർക്കും മനസിലാകാത്ത സംസ്‌കൃത ഭാഷയുടെ വികസനത്തിനായി കേന്ദ്രസർക്കാർ പണം ചിലവഴിക്കുന്നതെന്തിനെന്ന വിമർശനവും വേലു ഉന്നയിച്ചു.
“ആർക്കാണ് അത് മനസിലാകുന്നത്? രണ്ട് പ്രണയിതാക്കൾക്ക് സംസ്കൃതത്തിൽ അവരുടെ പ്രണയം ഏറ്റുപറയാൻ കഴിയുമോ? നമുക്ക് തമിഴിൽ ‘ഐ ലവ് യു’ എന്ന് പറയാൻ കഴിയും,”മന്ത്രി പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ സംസാരിക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഭാഷ തമിഴാണെന്നും ഡിഎംകെ മന്ത്രി കൂട്ടിച്ചേർത്തു. വെല്ലൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദേവഭാഷ എന്നറിയപ്പെടുന്ന സംസ്‌കൃതം ഇന്ത്യയിൽ അന്യം നിന്നുപോകാതെ സംരക്ഷിക്കാൻ കേന്ദ്രം കൈക്കൊള്ളുന്ന നടപടികളാണ് മന്ത്രിയെ ചൊടിപ്പിച്ചത്.















