കൊച്ചി: കപ്പല്‍ നിര്‍മാണത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എച്ച്ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് & ഓഫ്ഷോര്‍ എഞ്ചിനീയറിംഗുമായി (കെഎസ്ഒഇ) സഹകരിക്കാന്‍ കൊച്ചിന് ഷിപ്പ്യാര്ഡ് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വാണിജ്യ കപ്പലുകള്‍, നാവിക പ്ലാറ്റ്ഫോമുകള്, ഓഫ്ഷോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ രൂപകല്‍പ്പന ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും ഉള്ള വൈദഗ്ധ്യത്തിന് കെഎസ്ഒഇ ആഗോളതലത്തില്‍ പ്രശസ്തമായ കമ്പനിയാണ്.
ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും പുതിയ കപ്പല്‍നിര്‍മ്മാണ അവസരങ്ങള്‍ സംയുക്തമായി ഏറ്റെടുക്കുന്നതുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇരു കമ്പനികളും സഹകരിക്കും. ആഗോള കപ്പല്‍നിര്‍മ്മാണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം പങ്കിടുന്നതിനും കരാര്‍ ഊന്നല്‍ നല്കുന്നു. ജീവനക്കാരുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിനും ഈ സഹകരണം ലക്ഷ്യമിടുന്നു.
25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്റ് ഫണ്ട് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണയോടെ ആഗോള സമുദ്ര ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ഈ തന്ത്രപരമായ പങ്കാളിത്തം. കൊച്ചിന് കപ്പല്‍ശാലയുടെ ആദ്യത്തെ വിദേശ പങ്കാളിത്തമാണിത്. കഴിഞ്ഞയാഴ്ച മസഗണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്സ് ശ്രീലങ്കയിലെ കൊളംബോ കപ്പല്‍ശാല ഏറ്റെടുക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു.
ധാരണാപത്രം സംബന്ധിച്ച പ്രഖ്യാപനം വന്നതോടെ വിപണിയില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികള്‍ 2.08 ശതമാനം ഉയര്‍ന്ന് 2,057.25 രൂപയിലെത്തി.















