തൃശൂര്‍ അന്നകരക്കാരന്‍ പി എസ് മേനോന്റെ ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയില്‍ ഇന്ന് കരുത്തുറ്റ നാമമാണ്. അനുദിനം വളരുന്ന ചരക്ക് നീക്ക ബിസിനസില്‍ ഏറ്റവും പുതിയ ഇന്നൊവേഷനുകളും ടെക്‌നോളജിയുമായി മുന്നില്‍ ഓടുന്ന സ്ഥാപനം. കോള്‍ഡ് ചെയിന്‍ മേഖലയില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങള്‍ ട്രോപ്പിക്കാനയ്‌ക്കാണുള്ളത്. കെഎഫ്‌സിയും പിസ ഹട്ടും കോസ്റ്റ കോഫിയും അടക്കം അന്താരാഷ്‌ട്ര വമ്പന്‍മാര്‍ക്കും അതിവേഗം വളരുന്ന ക്യുക്ക് കൊമേഴ്‌സ് കമ്പനിയായ സെപ്‌റ്റോയും ബാരാമതി അഗ്രോ പ്രൊഡക്റ്റസും പോലെ ദേശീയ ബ്രാന്‍ഡുകള്‍ക്കും കേരളത്തില്‍ കോള്‍ഡ് സ്‌റ്റോറേജ്, ലോജിസ്റ്റിക്‌സ് സൗകര്യങ്ങളൊരുക്കുന്നത് ട്രോപ്പിക്കാന ലോജിസ്റ്റിക്‌സാണ്.

ആറ് മെട്രിക് ടണ്‍ വരെ വാഹക ശേഷിയുള്ള 12 റീഫര്‍ ട്രക്കുകളാണ് കേരളത്തിലങ്ങോളമിങ്ങോളം കൃത്യമായി ചരക്കുകള്‍ എത്തിക്കാനായി ഓടുന്നത്. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ ശീതീകരിച്ച് സൂക്ഷിക്കാന്‍ സഹായിക്കുന്ന താപ നിയന്ത്രിത കോള്‍ഡ് സ്‌റ്റോറേജുകള്‍ ഉപഭോക്തൃ തൃപ്തി ഉറപ്പാക്കുന്നു. ഫ്രോസണ്‍ ഫുഡ്, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍, ഡെയറി ഉല്‍പ്പന്നങ്ങള്‍, ഫ്രൂട്ട്‌സ് എന്നിവയെല്ലാം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നു. ഗോവ വരെയും തമിഴ്‌നാട്ടിലേക്കും ട്രോപ്പിക്കാന ശീതീകരിച്ച ഉല്‍പ്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നു.
നാടു വിട്ട് സംരംഭകനായി
1970 കളുടെ തുടക്കത്തിലാണ് പി എസ് മേനോന്‍ നാടു വിട്ട് ഗുജറാത്തില്‍ ട്രെയിനിറങ്ങിയത്. അന്തരിച്ച പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായി, ഒരു മലയാളിയെന്നു കണ്ട് സഹായിച്ചു. അങ്ങനെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആദ്യം സ്വകാര്യ കമ്പനിയിലും പിന്നീട് സര്‍ക്കാര്‍ സര്‍വീസിലും ഉദ്യോഗം കിട്ടി. ഗുജറാത്ത് സര്‍ക്കാരിന്റെ കൃഷി, മൃഗ സംരക്ഷണ, വനം, റവന്യൂ വകുപ്പുകളില്‍ ജോലി ചെയ്തു. നാട്ടിലെ കുറഞ്ഞ ശമ്പളവും ഗള്‍ഫിന്റെ പളപളപ്പും 1980 ല്‍ ആ ചെറുപ്പക്കാരനെ ദുബായിലെത്തിച്ചു. ചിക്കാഗോ ബ്രിഡ്ജ് ആന്‍ഡ് അയണ്‍, സ്റ്റാര്‍ എനര്‍ജി, പെട്രോപ്ലസ് എല്‍എല്‍സി തുടങ്ങിയ കമ്പനികളിലെല്ലാം ജോലി ചെയ്തു.
2004 ല്‍ സുഹൃത്തായ ജഗ്ദീപ് സിംഗ് ധനോവയോടൊപ്പം ട്രോപ്പിക്കാന ട്രേഡിംഗ് കമ്പനി ആരംഭിച്ചാണ് പി എസ് മേനോന്‍ സംരംഭക രംഗത്തേക്ക് കടക്കുന്നത്. ഇന്റര്‍നാഷണല്‍ പെട്രോളിയം ട്രേഡിംഗിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. ചെറിയ നിക്ഷേപത്തില്‍ തുടങ്ങിയ ബിസിനസ് അഞ്ച് വര്‍ഷം കൊണ്ട് 650 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക ടേണോവറിലേക്ക് വളര്‍ന്നു.
നാട്ടില്‍ ഒരു ബിസിനസ്

2006 ല്‍ ജഗ്ദീപിനെയും ഒപ്പം കൂട്ടി ട്രോപ്പിക്കാന ലിക്വിഡ് സ്‌റ്റോറേജ് എന്ന കമ്പനി കേരളത്തില്‍ ആരംഭിച്ചു. ലോജിസ്റ്റിക്‌സ്, സ്‌റ്റോറേജ് രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. പഴയ ഒരു സ്റ്റോറേജ് ഫെസിലിറ്റി ഏറ്റെടുത്ത് ലളിതമായ തുടക്കം. നാട്ടിലൊരു ബിസിനസ് എന്ന പി എസ് മേനോന്റെ സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമായത്. 2007 ല്‍ ഭാര്യ ശോഭയുടെ മരണം വ്യക്തിപരമായ തിരിച്ചടിയായി. ഇതോടെ മേനോന്‍ പൂര്‍ണമായും കേരളത്തിലേക്ക് താമസം മാറ്റി. കര്‍ണാടകയിലെ കാര്‍വാറില്‍ ഇന്ത്യയിലെ ചുരുക്കം സ്വകാര്യ ബിറ്റുമിന്‍ ടെര്‍മിനലുകളിലൊന്ന് ട്രോപ്പിക്കാന ആരംഭിച്ചു. 21,000 ക്യൂബിക് മീറ്റര്‍ ശേഷിയുള്ള ആറ് ടാങ്കുകളാണ് ഇവിടെയുള്ളത്. ഗോവ, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിറ്റുമിന്‍ സപ്ലൈ ചെയ്യുന്നതിന് ട്രോപ്പിക്കാന സഹായിക്കുന്നു.
വൈവിധ്യവല്‍ക്കരണം
2011 ല്‍ കമ്പനിയെ മേനോന്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് നയിച്ചു. ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന് സംരംഭം പേരുമാറ്റി. ഇന്ധന സംഭരണ ബിസിനസ് ഉദ്ദേശിച്ച് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ലീസിനെടുത്ത സ്ഥലത്ത് കോള്‍ഡ് സ്‌റ്റോറേജ് സ്ഥാപിച്ചുകൊണ്ട് കോള്‍ഡ് ചെയിന്‍ ബിസിനസിലേക്ക്. 3,000 ടണ്‍ ശേഷിയുള്ള ആദ്യത്തെ കോള്‍ഡ് സ്‌റ്റോറേജ് 2014 ല്‍ ആരംഭിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വമ്പന്‍ കോള്‍ഡ് സ്‌റ്റോറേജുകളും ലോജിസ്റ്റിക് സംവിധാനവും വിതരണ ശൃംഖലയുമെല്ലാമായി ട്രോപ്പിക്കാന ലോജിസ്റ്റിക്‌സ് അങ്ങനെ ജൈത്രയാത്ര തുടങ്ങി. സംഭരണം, ട്രേഡിംഗ്, വിതരണം തുടങ്ങിയ സര്‍വീസുകള്‍ പൂര്‍ണതോതില്‍ നല്‍കാന്‍ കമ്പനി വൈകാതെ പ്രാപ്തമായി. നിലവില്‍ 5,000 ടണ്ണിലേക്ക് സംഭരണ ശേഷി ഉയര്‍ന്നിട്ടുണ്ട്. കോള്‍ഡ് ചെയിന്‍ ബിസിനസ് നല്ല ഭാവി സാധ്യതയുള്ള ബിസിനസാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘ഇരട്ടയക്ക വളര്‍ച്ചയാണ് ഈ മേഖല കൈവരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരം സംഭരണ സംവിധാനങ്ങളുടെ അഭാവം മൂലം ഭക്ഷ്യ വസ്തുക്കള്‍ പാഴായിപ്പോയിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ ഇടപെടലുകളോടെ കൂടുതല്‍ സംഭരണ സംവിധാനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഉദാഹരണത്തിന് മത്തി മുന്‍പൊക്കെ കൂടുതലായി ലഭിക്കുമ്പോള്‍ തെങ്ങിന് വളമായി ഇടുകയേ നിവൃത്തിയുള്ളായിരുന്നു. ഇപ്പോള്‍ മൈനസ് 20 ഡിഗ്രിയില്‍ ഇത് ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നുണ്ട്. ഫ്രൂട്ട്‌സ്, പച്ചക്കറി, സ്‌പൈസസ് എന്നിവയെല്ലാം ഇപ്പോള്‍ കൂടുതല്‍ കാലം സൂക്ഷിക്കാന്‍ സാധിക്കും,’ അദ്ദേഹം പറഞ്ഞു.
നമ്പിമാരുടെ കൈപ്പുണ്യവുമായി ‘തറവാട്’
മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ സമീപത്ത് വെള്ളാഞ്ചേരിയില്‍ പി എസ് മേനോന്‍ തന്റെ സ്വപ്ന മന്ദിരം യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. കേരളീയ വാസ്തുശില്‍പ്പ മാതൃകയില്‍ പണിത 22 കോട്ടേജുകളും കുളവും കുളപ്പുരയുമെല്ലാമായി അസ്സലൊരു ‘തറവാട്’. ആയുര്‍വേദ ചികിത്സയുടെ മികച്ച കേന്ദ്രമായി വെള്ളാഞ്ചേരിയിലെ ‘തറവാട് ആയുര്‍വേദ റിട്രീറ്റി’നെ മാറ്റിയെടുത്തിരിക്കുന്നു. അഷ്ടവൈദ്യന്‍മാരില്‍ ഒരാളായ ആലത്തിയൂര്‍ നമ്പിയുടെ പിന്‍തലമുറയാണ് ഇവിടെ ആയുര്‍വേദ പഞ്ചകര്‍മ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഷ്ടവൈദ്യന്‍ ആലത്തിയൂര്‍ നാരായണന്‍ നമ്പിയായിരുന്നു തുടക്കത്തില്‍ ചികിത്സകള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം പുത്രനായ ജയകൃഷ്ണന്‍ നമ്പി സാരഥ്യം വഹിക്കുന്നു. കേരള സര്‍ക്കാരിലെ മുന്‍ ചീഫ് മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. നിര്‍മല ജോണ്‍, ഡോ. ബിനു പോള്‍, ഡോ. പ്രിയങ്ക ജോസ് തുടങ്ങിയവരുടെ പ്രാഗല്‍ഭ്യത്തില്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് തറവാട്.

തടി കുറയ്‌ക്കാനുള്ള അപതര്‍പ്പണം, വാര്‍ദ്ധക്യജന്യമായ അസുഖങ്ങളെ തടയാന്‍ ആയുഷ്‌കാമം, സൗന്ദര്യ ചികിത്സയായ സൗകുമാര്യം, സ്‌ട്രെസ് അകറ്റാനുള്ള സാന്ത്വനം, ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കി ശുദ്ധമാക്കാനുള്ള വയസ്ഥ തുടങ്ങിയ ചികിത്സാ പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ചികിത്സയിലാണ് തറവാട് ശ്രദ്ധയൂന്നിയിരിക്കുന്നത്. ധാര, പിഴിച്ചില്‍, ശിരോവസ്തി, അഭ്യംഗം, കിഴി, വസ്തി, നസ്യം തുടങ്ങി എല്ലാ ആയുര്‍വേദ ചികിത്സാ പദ്ധതികളും ഒരുക്കിയിരിക്കുന്നു. ചികിത്സക്കെത്തുന്നവര്‍ക്ക് താമസിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള 22 മുറികളും രണ്ട് ചികിത്സാ മുറികളും ഇവിടെയുണ്ട്.
2007 ല്‍ അന്തരിച്ച ഭാര്യ ശോഭയുടെ പേരില്‍ ആരംഭിച്ച ശോഭ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് തറവാട് പ്രവര്‍ത്തിക്കുന്നത്. ഓള്‍ഡ് ഏജ് ഹോമായി ഏറെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച കോട്ടേജുകള്‍ പിന്നീട് ആയുര്‍വേദ ചികിത്സാ കേന്ദ്രമായി മാറ്റുകയായിരുന്നു. സമൂഹത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന നിരവധിയാളുകള്‍ക്ക് തന്റെ പ്രിയ പത്‌നിയുടെ പേരിലുള്ള ട്രസ്റ്റിലൂടെ അദ്ദേഹം സഹായങ്ങളെത്തിക്കുന്നു. തറവാടിന്റെ ലാഭവിഹിതം ട്രസ്റ്റിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് മേനോന്‍ ഉപയോഗിക്കുന്നത്. സാമൂഹിക കാഴ്ചപ്പാടുള്ള സംരംഭമായി ഇത് തറവാടിനെ മാറ്റുന്നു.
ട്രോപ്പിക്കാന റിസോര്‍ട്ട്‌സ്
ഇതോടൊപ്പം മഹാരാഷ്‌ട്രയിലെ അലിബാഗില്‍ ട്രോപ്പിക്കാന റിസോര്‍ട്ട്‌സും മേനോന്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നു. 2022 ല്‍ മഹീന്ദ്ര ഹോളിഡേയ്‌സ് ലിമിറ്റഡുമായി 10 വര്‍ഷത്തെ ലീസ് എഗ്രിമെന്റായി. റിസോര്‍ട്ടിലെ മുറികളുടെ എണ്ണം 100 ല്‍ നിന്ന് 150 ലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
സംതൃപ്തരായ ജീവനക്കാര്‍
സംരംഭകനെന്ന നിലയില്‍ 350 ഓളം ആളുകള്‍ക്ക് നാട്ടില്‍ തൊഴില്‍ കൊടുക്കാനായതിന്റെ ചാരിതാര്‍ത്ഥ്യം പിഎസ് മേനോനുണ്ട്. ജീവനക്കാരെ സംതൃപ്തരാക്കി കൊണ്ടുപോകുന്ന സംരംഭങ്ങളാണ് തന്റേതെന്ന് അദ്ദേഹം പറയുന്നു. ‘കോവിഡ് കാലത്ത് ലോക്ക്ഡൗണില്‍ ചരക്ക് നീക്കം പലയിടത്തും താറുമാറായെങ്കിലും ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്തു. ജീവനക്കാര്‍ ഒപ്പം നിന്നതാണ് ഇതിന് സഹായിച്ചത്. ഇതുവരെ ഒരു ദിവസം പോലും കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ അവര്‍ അനുവദിച്ചിട്ടില്ല,’ അദ്ദേഹം പറയുന്നു.

പിന്തുണ കുടുംബം
തന്റെ വിജയത്തില്‍ കുടുംബത്തിന് വലിയ പങ്കുണ്ടെന്ന് മേനോന്‍ പറയുന്നു. മരണം കൂട്ടിക്കൊണ്ടു പോകുംവരെ ആദ്യ ഭാര്യ ശോഭ പടിക്കല്‍ സംരംഭകത്വത്തിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട പിന്തുണ നല്‍കി. 2010 ല്‍ സഹധര്‍മ്മിണിയായി ഒപ്പം കൂട്ടിയ രാധ മേനോന്‍ ഉറച്ച പിന്തുണയുമായി ഒപ്പമുണ്ട്. ചെന്നൈ എസ്ആര്‍എം ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റായ ശില്‍പ്പ എസ് മേനോനും അപ്പോളോ ഹോസ്പിറ്റലില്‍ ഓര്‍ത്തോസര്‍ജനായ ഡോ. ജയപ്രകാശും പേരക്കുട്ടി ദര്‍ശും കൂടി ചേരുന്നതാണ് കുടുംബം.
നാടിന്റെ സംരംഭകന്‍
‘എവിടെ പോയാലും നാടു തന്നെയാണ് എന്റെ ഇഷ്ടയിടം. സിംഗപ്പൂരില്‍ വലിയൊരു മലയാളി സൗഹൃദവലയം എനിക്കുണ്ടായിരുന്നു. പലരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് സിംഗപ്പൂരുകാരായെങ്കിലും ഞാന്‍ അതിന് തുനിഞ്ഞില്ല. എന്റെ ദേശീയതയെ ഞാന്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു, അത്ര പ്രിയപ്പെട്ടതാണത്. ജീവിക്കാന്‍ വകയുണ്ടെങ്കില്‍ ഇന്ത്യ പോലെ, കേരളം പോലെ നല്ലയിടം ലോകത്ത് വേറെയില്ല എന്നാണെന്റെ വിശ്വാസം,’ സ്വദേശത്തെ സ്‌നേഹിക്കുന്ന ഈ സംരംഭകന്റെ ചിറകിലേറി അദ്ദേഹത്തിന്റെ സംരംഭവും പറക്കുകയാണ്.















