കോഴിക്കോട്: നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ശനിയാഴ്ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായത്തടോയൊണ് ജീവൻ നിലനിർത്തുന്നത്.
യുവതിയുടെ 12 വയസ്സുള്ള മകനും ബന്ധുവായ പത്ത് വയസുകാരനും രോഗലക്ഷണങ്ങളോടെ മണ്ണാർക്കാട്ടെ താലൂക്ക് ആശുപത്രിയിലാണ്. ബന്ധുവായ കുട്ടിയെ വെള്ളിയാഴ്ചയും മകനെ ശനിയാഴ്ചയുമാണ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. 425 പേരാണ് യുവതിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ കൂടുതലും കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ചെറിയ രോഗലക്ഷങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളുടെ ശ്രവ സാമ്പിൽ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ 60 പേർ ആരോഗ്യ പ്രവർത്തകരാണ്.
വവ്വാലിന്റെ സാന്നിധ്യം കൂടുതലായുള്ള പ്രദേശത്താണ് യുവതിയും കുടുംബവും താമസിക്കുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ ആയിട്ടില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ മാസങ്ങളുടെ ഇടവേളകളിൽ നിപ റിപ്പോർട്ട് ചെയ്ന്നുണ്ടെങ്കിലും ഇതിന്റെ ഉറവിടമോ കാരണമോ കണ്ടെത്താനുള്ള ശാസ്ത്രീയ പഠനം നടത്താൻ പോലും ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.















