ന്യൂഡൽഹി: രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ പ്രവർത്തന രഹിതമായ സംഭവത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ. റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് മരവിപ്പിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇലക്ട്രോണിക്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി.
എക്‌സിന്റെ ഭാഗത്ത് നിന്നുണ്ടായ ആശയക്കുഴപ്പമോ സാങ്കേതിക പ്രശ്‌നമോ ആകാം നടപടിക്ക് പിന്നിൽ. വാർത്താ ഏജൻസിയുടെ നിരവധി ഹാൻഡിലുകൾ ഇപ്പോഴും രാജ്യത്ത് ലഭ്യമാണ്. റോയിട്ടേഴ്സ് ഇന്ത്യയിൽ പ്രവർത്തിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വിഷയത്തിൽ എക്സുമായി ബന്ധപ്പെട്ട് വരികയാണെന്നും മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടി
ശനിയാഴ്ച വൈകുന്നേരം മുതലാണ് റോയിട്ടേഴ്‌സിന്റെ പ്രധാന X ഹാൻഡിൽ പ്രവർത്തന രഹിതമായത്. “നിയമപരമായ ഒരു ആവശ്യത്തിന് തടഞ്ഞുവച്ചിരിക്കുന്നു” എന്നാണ് പേജിൽ സൂചിപ്പിക്കുന്നത്. വാർത്ത ഏജൻസിയുടെ മറ്റ് ഹാൻഡിലുകളായ റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്റ്റ് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവ ഇപ്പോഴും ലഭ്യമാണ്.















