കൊച്ചി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9:30 നും ഇടയിലാണ് ദർശനം. ഉപരാഷ്‌ട്രപതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ 8 മുതൽ 10 മണിവരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവാഹവും ചോറൂണും രാവിലെ 7 മണിക്ക് മുൻപോ പത്ത് മണിക്ക് ശേഷമോ നടത്തണമെന്നും വിവാഹ ചടങ്ങുകൾക്കായി കൂടുതൽ മണ്ഡപങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം അധികാരികൾ പറഞ്ഞു.
വാഹനപാർക്കിങ്ങിലും നിയന്ത്രങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിന്റെ ഇന്നർ റോഡുകളിൽ രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ അഭ്യർത്ഥിച്ചു.
രണ്ടുദിവസത്തെ സന്ദർശനത്തിന് കഴിഞ്ഞദിവസം കേരളത്തിൽ എത്തിയ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്‌ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.















