ന്യൂഡൽഹി: പാക് ചാരവൃത്തി കേസിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് സംശയത്തിന്റെ നിഴലിൽ. ജ്യോതി മൽഹോത്രയുടെ മുഴുവൻ ചെലവും വഹിച്ചത് കേരള ടൂറിസം വകുപ്പാണെന്ന വിവരം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ദേശീയ തലത്തിലും വിഷയം വലിയ ചർച്ചയാവുകയാണ്.
ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് എന്തുകൊണ്ടെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് വിശദീകരണമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാരാണ് കേരളത്തിലുള്ളത്. ജ്യോതി മൽഹോത്ര പാക് ചാരയാണെന്ന് വ്യക്തമായി. മുഹമ്മദ് റിയാസിന്റെ ക്ഷണപ്രകാരമാണ് അവർ കേരളത്തിൽ എത്തിയത്. എന്തുകൊണ്ട് ജ്യോതി മൽഹോത്രയെ ക്ഷണിച്ചു എന്നതിന് മുഹമ്മദ് റിയാസ് നിർബന്ധമായും മറപടി നൽകണം. സർക്കാർ ഖജനാവിൽ നിന്നുള്ള പണം ചെലവാക്കിയതിനാൽ പൊതു സമൂഹത്തിന് മുമ്പിൽ വിശദീകരിക്കാൻ റിയാസിന് ബാദ്ധ്യതയുണ്ട്. പൊതുജനങ്ങളുടെ പണം പാക് ചാരയ്‌ക്ക് വേണ്ടി ചെലവഴിച്ചത് ഒരുതരത്തിലും ക്ഷമിക്കാൻ കഴിയില്ലെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.
പാക് ചാരയെ ഇടത് സർക്കാർ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാല ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി കൃത്യമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















